പരിയാരം: രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പോലീസിന്റെയും ഊര്‍ജിതമായ അന്വേഷണത്തിനിടയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സര്‍വാധിപനായി ചമയുന്ന വിവരാവകാശ ബ്ലാക്ക് മെയില്‍ സംഘത്തലവന് വഴുതി മാറുമോയെന്ന് ആശങ്കയുയരുന്നു.
രാഷ്ട്രീയ നേതാക്കളിലുള്പ്പെടെ ഇയാള്‍ക്കുള്ള സ്വാധീനം മറനീക്കി പുറത്തു വന്നതോടെയാണ് ഇത്തരം ഒരു സംശയം ഉയർന്നു തുടങ്ങിയത്.മെഡിക്കല്‍ കോളജിനെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഗൂഢസംഘത്തിന്റെ കഥകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.
ബംഗളൂരുവിലെ സര്‍ജിക്കല്‍- മെഡിക്കല്‍ സ്ഥാപനങ്ങളില്‍ സ്വാധീനമുറപ്പിച്ച വ്യക്തി മെഡിക്കല്‍ കോളജിനകത്തും പുറത്തുമായി കഴുകന് കണ്ണുകളോടെ വട്ടമിട്ട് പറക്കുന്നതും യുവതികളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചതും ചിലരെ വരുതിയിലാക്കിയതുമെല്ലാം വാര്‍ത്തയിലുണ്ടായിരുന്നു.
രണ്ടുമാസം മുമ്പ് മോഷ്ടിക്കപ്പെട്ട ഏഴുലക്ഷത്തോളം രൂപ വിലയുള്ള മെഡിക്കല്‍ ഉപകരണം രാഷ്ട്രദീപിക വാര്‍ത്തയെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം പ്രത്യക്ഷപ്പെട്ട സംഭവവുമുണ്ടായി.ഉപകരണത്തില്‍നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചശേഷം പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇത്രയും വിദഗ്ദമായി ഉപകരണം കടത്തിയവര്‍ അത് തിരിച്ചെത്തിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിരലടയാളങ്ങളിലൂടെ മാത്രമായി മോഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാരിന്റെ പ്രസ്റ്റീജ് സ്ഥാപനമായ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിള്കണ്ണികളേപ്പറ്റിയുള്ള അന്വേഷണവുമായി സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥനും രംഗത്തുണ്ട്. എത്രയും വേഗത്തില്‍ പ്രതികളിലേക്കെത്താനുള്ള നടപടികളുമായി മുന്നേറുന്നതിനിടയിലാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ സ്വാധീനമുള്ള സംഘത്തലവന് വഴുതിപ്പോകുമോയെന്ന ആശങ്കയുയരുന്നത്.
സ്വന്തം വീട്ടിൽ ഉന്നതർക്കായി പാർട്ടികൾ
പണമുണ്ടാക്കാനും ഹണിട്രാപ്പിലൂടെ വരുതിയിലാക്കാനും മെഡിക്കൽ കോളജിന്റെ അകവും പുറവും ഉപയോഗപ്പെടുത്തുന്ന സംഘത്തലവന് ഇതിനകം സ്വന്തമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ഉന്നതതല ബന്ധങ്ങളെന്ന് വിവരം.
രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ നേതാക്കന്മാര്ക്കുള്ള സത്ക്കാരത്തിന് സ്വന്തം വീടാണ് ഉപയോഗിക്കുക. പ്രാദേശിക നേതൃത്വങ്ങളും അണികളും പോലുമറിയാത്ത രീതിയിലായിരുന്നു ചില രാഷ്ട്രീയ നേതാക്കൾ ഇവിടെ രഹസ്യ സന്ദര്‍ശനം നടത്താറ്.
പോലീസിലെ ചില ഉന്നതര്‍വരെ ഇദ്ദേഹത്തിന്റെ സത്കാരം സ്വീകരിച്ചവരില്പെടും. അതിനാല്‍തന്നെ പ്രതിസന്ധികളുണ്ടായാലും കോട്ടംതട്ടാതിരിക്കാന്‍ സംരക്ഷകരും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധത്തിലൂടെ പല നേട്ടങ്ങളുമുണ്ടാക്കിയതിനൊപ്പം അധികാര സ്ഥാനങ്ങളില്‍ ചില ഇളക്കി പ്രതിഷ്ഠകൾ വരെ നടത്താനും ഈ അഭിനവ സൂപ്രണ്ടിന് സാധിച്ചതായുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സത്യസന്ധമായി പ്രവർത്തിച്ചിരുന്ന പല പോലീസുദ്യോഗസ്ഥരേയും വെട്ടിലാക്കിയ സംഭവങ്ങളുമുണ്ട്. ഉന്നത സ്വാധീനമുപയോഗിച്ചാണ് ഇയാള്‍ മെഡിക്കല്‍ കോളജിനെ കറവപശുവാക്കി മാറ്റിയിരുന്നത്.
ഉപജാപക സംഘത്തിന്റെ വേരുകള്‍ കണ്ടെത്താനുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയ്ക്കിടയില്‍ ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജിലും ചാരന്മാര്
മെഡിക്കല്‍ കോളജിനകത്തും പുറത്തും വിവരാവകാശ ബ്ലാക്ക് മെയില്‍ സംഘത്തിന് ചാരന്മാരുണ്ടെന്ന വിവരവും പുറത്തുവരുന്നു. ഇവിടെയുള്ള ചില ജീവനക്കാരെ കൂട്ടുപിടിച്ചാണ് സംഘത്തലവന് ചൂണ്ടയിട്ടിരുന്നത്. ഈ കൂട്ടുകെട്ടിനെപ്പറ്റി മനസിലായതോടെ പാലുകൊടുക്കുന്ന കൈക്ക് കടിക്കുന്ന ഇത്തരക്കാര്ക്കെതിരേയുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ചിലര്‍ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുമാണ്. അവിഹിത കഥകള്‍ പുറത്തുവന്നതോടെ മെഡിക്കല്‍ കോളജ് അധികൃതരും ജാഗ്രതയിലാണ്. കൂട്ടത്തില്‍നിന്ന് കുതികാല് വെട്ടുന്നവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം മെഡിക്കല്‍ കോളജ് അധികൃതരും നടത്തുന്നുണ്ട്.
സര്‍ക്കാര്‍ സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അവിഹിത ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതിനായുള്ള നടപടികള്‍ ഉടനടി വേണമെന്ന ആവശ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്.
വലംകൈയായി ഊമക്കത്ത് വീരനും
ഊമക്കത്തെഴുതിയെഴുതി കൈയക്ഷരം നന്നാക്കുകയും പഠിപ്പിച്ച അധ്യാപികയ്ക്ക് ഏറ്റവും ഹീനമായ രീതിയിൽ കത്തെഴുതുകയും ചെയ്ത മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്ന ഒരു ഓണ്ലൈന്കാരനാണ് “അഭിനവ സർവാധികാരി’ യുടെ വലംകൈ.
ഈ ഓൺ ലൈൻകാരന്റെ അടിസ്ഥാന രഹിതമായ ഊമക്കത്തെഴുത്തിലൂടെ നിരവധി കുടുംബങ്ങൾ തകർത്തിട്ടുണ്ട്. നേരത്തെ സാഹിത്യ മേഖലയിൽ പ്രവർത്തിച്ച പൊതുപ്രവർത്തകനായ അധ്യാപകന്റെ ഭാര്യയ്ക്ക് ഊമകത്തെഴുതുകയും കൈയെഴുത്ത് അധ്യാപകനും ഭാര്യയ്ക്കും മനസിലായതു കൊണ്ടും ഇയാളുടെ സ്വഭാവമറിയുന്നതു കൊണ്ടുമാണ് കുടുംബപ്രശ്നങ്ങളില്ലാതെ പോയത്.
സര്‍വരും ബഹുമാനിക്കുന്ന അധ്യാപകനെതിരെയും ഊമക്കത്തെഴുതിയതോടെ ക്ഷമയുടെ നെല്ലിപ്പലകവരെയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഒടുവില്‍ തെങ്ങില്‍ പിടിച്ചുകെട്ടി പരസ്യമായി മാപ്പു പറയിപ്പിച്ച മഹത്തായ പാരമ്പര്യവും ഇയാള്‍ക്കുണ്ട്.
ഉണ്ണുന്ന ചോറില്‍ മണ്ണുവാരിയിട്ട നെറികേടിനൊപ്പം പത്രമാധ്യമങ്ങള്ക്കെതിരേയും ഇയാളുടെ ദുഷ്പ്രചരണമുണ്ടായത് അടുത്തകാലത്താണ്. ഇത്തരം ബഹുമതികള്‍ കൈമുതലായുള്ള ഓണ്ലൈന്കാരന് വിശ്വസ്ത സ്ഥാപനമായി മാറിയപ്പോൾ ചെയ്തുകൊടുത്ത കാര്യങ്ങൾക്ക് പ്രത്യുപകാരമായി പൊതു പ്രവര്‍ത്തകനെന്ന പരിവേഷവും അഭിനവ സർവാധികാരിക്ക് ഇദ്ദേഹം ചാർത്തികൊടുത്തിരുന്നു.
ഈ കൂട്ടുകെട്ടിലാണ് വിവരാവകാശ സമ്പാദനത്തിലൂടെ പലരേയും കുടുക്കിയതും അപകീര്‍ത്തിപ്പെടുത്തുന്നതിന് ചരടുവലികള്‍ നടത്തിയതും.