പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് തുലാസില്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഐഎംസി) അഡ്മിറ്റാവുന്ന രോഗികളുടെ കുറവ് മൂലം രണ്ട് തവണ നിഷേധിച്ച അംഗീകാരം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
രോഗികളുടെ കുറവ് പരിഹരിക്കുന്നതിന് ഒരവസരം കൂടി ഐഎംസി നല്‍കിയിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് വ്യക്തമായി ഒരു കത്ത് നല്കാന് പോലും മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഉടന്‍ ഐഎംസി അംഗീകാരം ലഭിക്കാത്തപക്ഷം ഈ വര്‍ഷം ജൂണില്‍ 100 സീറ്റുകളിലേക്കുള്ള എംബിബിഎസ് അഡ്മിഷന് നടക്കില്ലെന്നാണ് സൂചന.
കഴിഞ്ഞ രണ്ടുതവണയും ഐഎംസി പ്രതിനിധികള്‍ പരിശോധനക്ക് എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികളുടെ കുറവാണ് ഇപ്പോള്‍ ആശുപത്രിയില്‍ അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാതൊരുവിധ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ രോഗികള്‍ ആശുപത്രിയെ കൈയൊഴിയുന്ന അവസ്ഥയാണിപ്പോള്‍.
നേരത്തെ പരാതികള്‍ കേള്‍ക്കാന്‍ ഒരു ഭരണസമിതി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉത്തരവാദപ്പെട്ട ആരും തന്നെ മെഡിക്കല്‍ കോളജില്‍ ഇല്ലാത്തതിനാല്‍ എല്ലാ മേഖലയിലും കടുത്ത അനാഥാവസ്ഥ നിലനില്‍ക്കുകയാണ്.
എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അഡ്മിഷന് നടത്തരുതെന്ന് ഐഎംസി പറഞ്ഞിട്ടില്ലെന്നും ജനറല്‍ വാര്‍ഡുകളില്‍ കിടത്തിചികിത്സയ്ക്ക് രോഗികളുടെ എണ്ണം കുറഞ്ഞതിനാല്‍ അത് പരിഹരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അഡ്മിഷന് തടസപ്പെടില്ലന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.കെ.സുധാകരന് പറഞ്ഞു. നീറ്റ് ഫലം പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുമ്പായി എല്ലാ കാര്യങ്ങളും പരിഹരിക്കുമെന്നും പ്രിന്‍സിപ്പൽ പറഞ്ഞു.