പരിയാരം: പരിയാരം മെഡിക്കൽ കോളജിൽ ഡയാലിസിസ് നടത്തുന്നവർ മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നു തന്നെ ഡയാലിസിസ് കിറ്റ് വാങ്ങണമെന്ന് നിർബന്ധമാക്കിയതായി പരാതി. പയ്യന്നൂർ കാരുണ്യ ഫാർമസിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കിറ്റുകളുമായി ഡയാലിസിസ് ചെയ്യാനെത്തിയവരോട് ഇത് ഉപയോഗിക്കാൻ പറ്റില്ലെന്നും മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നു വാങ്ങിയാൽ മാത്രമേ ഡയാലിസിസ് ചെയ്യാൻ കഴിയൂ എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇത് പാവപ്പെട്ട രോഗികൾക്ക് കടുത്ത ദുരിതമായിരിക്കയാണ്. സന്നദ്ധ സംഘടനകൾ സൗജന്യമായി നൽകുന്ന കിറ്റുകളും ഇവിടെ അനുവദിക്കുന്നില്ലെന്നും രോഗികൾ പറയുന്നു. കാരുണ്യ ഫാർമസി വന്നതിന് ശേഷം നിരവധി പേർ ഇവിടെ നിന്നും കിറ്റുകൾ വാങ്ങുന്നത് കാരണം മെഡിക്കൽ കോളജ് ഫാർമസിയിൽ ഇവ ചെലവാകാതെ കെട്ടിക്കിടക്കുന്നത് കാരണമാണ് പുതിയ നിർദ്ദേശമെന്നറിയുന്നു. പാവപ്പെട്ട രോഗികളെ ഇത്തരത്തിൽ കൂടിയ വിലക്ക് കിറ്റുകൾ വാങ്ങാൻ നിർബന്ധിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.