പരിയാരം(കണ്ണൂർ): പരിയാരം പോലീസ് സ്റ്റേഷനിൽവച്ചു നടന്ന ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുത്തതിൽ നിന്നും ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു മനസിലായി. ആയതിനാൽ നിങ്ങളും ഹെൽമെറ്റ് ധരിച്ചു മാത്രമേ ബൈക്ക് ഓടിക്കാവൂ. — “- ഇതാണ് അഞ്ചു പ്രിയ സുഹൃത്തുക്കൾക്കുള്ള കത്തിലെ വരികൾ.
പരിയാരം മെഡിക്കൽ കോളജ് പോലീസാണു പുതുമയുള്ള ശിക്ഷാ-ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയത്. ഇടവേളയ്ക്കു ശേഷം ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ പോലീസ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ ശിക്ഷാരീതി. ട്രാഫിക് നിയമം ലംഘിച്ചു പിടികൂടുന്നവർക്ക് എല്ലാ ദിവസവും വൈകുന്നേരം നാലിനു സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകും.
തുടർന്നു പോലീസ് നൽകുന്ന തപാൽ കാർഡുകളിലാണു മേൽപ്പറഞ്ഞ വരികൾ കുറിക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ വിലാസത്തിൽ എഴുതിയ കാർഡുകൾ പോലീസ് തന്നെയാണു പോസ്റ്റ് ചെയ്യക. ബോധവത്കരണത്തിനു പുറമെ ഓർമകളിലേക്കു മറഞ്ഞ കത്തെഴുത്തും തപാൽ കാർഡും ഒരു ഗൃഹാതുരത്വമായി തിരിച്ചെടുക്കാനുള്ള ശ്രമവും ഇതിനു പിറകിലുണ്ട്.
ഇന്നലെ അഞ്ചുയുവാക്കൾക്കും ഒരു വനിതക്കുമാണു കത്തെഴുതാൻ അവസരം നൽകിയത്. വേറിട്ട രീതിയിലൂടെ ബോധവത്കരണവും ചെറിയ ശിക്ഷകളുമാണു പരിയാരം പോലീസ് ഇതു വഴിനടപ്പിലാക്കുന്നത്. ട്രാഫിക് നിയമം ലംഘിക്കുന്നവരിൽ നിന്നു പോലീസ് നേരിട്ടു പിഴ ഈടാക്കാതെ കോടതിക്കു റിപ്പോർട്ട് നൽകുകയാണു പുതിയ രീതിയെങ്കിലും ആദ്യ തവണ പിടിക്കപ്പെടുന്നവർക്കാണ് ഈ ചെറിയ ശിക്ഷ നൽകുന്നത്.
ഇവരുടെ പേര് കോടതിക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്യും. പോലീസ് പണം ചെലവഴിച്ചാണ് ഇവർക്കു തപാൽ കാർഡ് വാങ്ങി നൽകുന്നത്. പലരും ആദ്യമായിട്ടാണു കാർഡിൽ കത്തെഴുതുന്നതു തന്നെ. സിഐ കെ.വി.ബാബു, എസ് ഐ പി.ബാബുമോൻ എന്നിവർ ചേർന്നാണു പുതുമയാർന്ന ഈ ട്രാഫിക് ബോധവത്കരണ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.