പരിയാരം: ഉദ്ഘാടനം ചെയ്തിട്ട് വര്‍ഷം അഞ്ച് ആകാറായിട്ടും വൈദ്യുതി എത്താതെ ഒരു സാംസ്കാരികനിലയം. പരിയാരം മെഡിക്കല്‍ കോളജിന് സമീപം ചെറുതാഴം പഞ്ചായത്തിലെ പാലയാടാണ് സാംസ്കാരിക നിലയം. പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ബസ്റ്റോപ്പിന് സമീപമാണ് കുറുവ ചെന്നക്കുഴി റോഡില്‍ 2013 മാര്‍ച്ച് 14 ന് പഞ്ചായത്ത് സാംസ്കാരിക നിലയം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്.
അഞ്ച് ഫാനുകള്‍, വൈദ്യുതിവിളക്കുകള്‍, ടെലിവിഷന്‍ തുടങ്ങിയവയെല്ലാം എംഎല്‍എ ഫണ്ടില്‍ നിന്നും പഞ്ചായത്ത് ഫണ്ടില്‍ നിന്നും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും ഒരു നിമിഷം പോലും ഇതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. സാംസ്കാരിക നിലയത്തില്‍ വൈദ്യുതി എത്തിക്കുന്നതിന് സാങ്കേതിക തടസമൊന്നുമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് ഇതേവരെ അപേക്ഷ നല്‍കിയിട്ടില്ല.
നിരവധി തവണ നാട്ടുകാര്‍ ടി.വി.രാജേഷ് എംഎല്‍എയെയും പഞ്ചായത്ത് അധികൃതരെയും ഇക്കാര്യം ഓര്‍മിപ്പിച്ചിരുന്നു. ഇവിടെ സ്ഥാപിച്ച ടിവി, ഫാനുകള്‍ എന്നിവയൊക്കെ മാറാലകള്‍ പൊതിഞ്ഞ നിലയിലാണ്. ലൈബ്രറിയും വായനശാലയുമൊക്കെ പേരിന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാല്‍ ആളുകളെത്തുന്നത് കുറവാണ്. മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഏക സാംസ്കാരിക നിലയമായതിനാല്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ പരിഗണന കൊടുക്കേണ്ട സ്ഥാപനത്തിനാണ് ഈ ദുര്‍ഗതി.