രാജപുരം: കൈയൊടിഞ്ഞ രണ്ടര വയസുകാരിക്ക് കൃത്യമായ ചികിത്സ നല്കുന്നതില് പരിയാരം ഗവ. മെഡിക്കല് കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബാംഗങ്ങളുടെ പരാതി.
കൂരാമ്പിക്കോല് പടിമരുതില് താമസിക്കുന്ന രാജേഷിന്റെ മകള് ശിവന്യയ്ക്കാണ് ചികിത്സാ പിഴവുമൂലം വലതുകൈയ്ക്ക് വൈകല്യവും കടുത്ത വേദനയും സഹിക്കേണ്ടിവന്നതെന്ന് പിതാവ് രാജേഷ്, എം. ഭാസ്കരന്, പി.കെ. രാഘവന് എന്നിവര് പത്രസമ്മേളനത്തില് പറഞ്ഞു.
ക്രിസ്മസ് ദിവസം രാത്രി കളിക്കുന്നതിനിടെ വീണ കുട്ടിയെ വലതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയില് അടുത്തുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിലാണ് ആദ്യമത്തിച്ചത്.
അവിടെ എക്സ്റേ സംവിധാനമില്ലാത്തതിനാല് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് എത്തിക്കാന് നിര്ദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോള് പരിക്ക് ഗുരുതരമായതിനാല് പരിയാരം ഗവ. മെഡിക്കല് കോളജില് എത്തിക്കാന് നിര്ദേശം നല്കി.
അവിടെവച്ച് ഡോക്ടര് പരിശോധിച്ച് ബാന്ഡേജ് ഇടുകയും സര്ജന് വന്നിട്ട് തുടര് ചികിത്സ നല്കുന്നതിനായി കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
ഡിസംബര് 30 ന് ഉച്ചയോടെ രാജേഷിനെക്കൊണ്ട് സമ്മതപത്രത്തില് ഒപ്പിടുവിച്ച് കുട്ടിയെ ഓപ്പറേഷന് തിയറ്ററില് കയറ്റുകയും ചെയ്തു. വൈകിട്ട് അഞ്ചോടെ കുട്ടിയെ വാര്ഡിലേക്ക് മാറ്റി. ജനുവരി ഒന്നിന് ഉച്ചയോടെ ഡിസ്ചാര്ജ് ചെയ്തു.
തുടര് പരിശോധനകള്ക്കായി 10 ന് വീണ്ടും അവിടെയെത്തിയപ്പോള് കൈമുട്ടുകളുടെ ജോയിന്റുകള് കൂടിച്ചേര്ന്നിട്ടില്ലെന്നും 14 ന് പ്രധാന സര്ജന് വന്നാലേ എന്തെങ്കിലും ചെയ്യാന് കഴിയൂ എന്നും പറഞ്ഞ് തിരിച്ചയച്ചു.
വീട്ടിലെത്തിയപ്പോഴേക്കും കുട്ടിക്ക് അസഹ്യമായ വേദന ഉണ്ടായതിനെത്തുടര്ന്ന് നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചു.
അവിടത്തെ ഓര്ത്തോ സര്ജന് ബാന്ഡേജ് അഴിച്ചു നോക്കിയപ്പോഴാണ് കൈ മുട്ടുകളുടെ സ്ഥാനം തെറ്റിയാണ് അസ്ഥികള് യോജിച്ചിട്ടുള്ളതെന്നു കണ്ടെത്തിയത്.ഇനി പന്ത്രണ്ട് വയസെങ്കിലും ആകുന്നതുവരെ ഒന്നും ചെയ്യാന് സാധിക്കില്ലെന്നും ഡോക്ടര്മാര് പറഞ്ഞു.
കുട്ടിക്ക് ഈ ദുരവസ്ഥ സൃഷ്ടിച്ച പരിയാരം മെഡിക്കല് കോളജിലെ ചികിത്സാ പിഴവിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ ഡോക്ടര്മാര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എസ്സി/എസ്ടി കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന്, പരിയാരം മെഡിക്കല് കോളജ് സൂപ്രണ്ട് എന്നിവര്ക്കും പരാതി നല്കിയതായി രാജേഷ് പറഞ്ഞു.