നെടുന്പാശേരി: ദൈവത്തിന്റെ സ്വന്തം നാടുകാണാൻ എത്തുന്ന വിദേശികൾക്കും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികൾക്കും ഇനി കാടിന്റെ കുളിർമയും മനോഹാരിതയും ശാന്തതയും ആസ്വദിക്കാൻ വിമാനത്താവളത്തിനരികെ ഒരു കുട്ടിവനം. അന്താരാഷ്ട്ര വിമാനത്താവളത്തിന് വിളിപ്പാടകലെ വനം വകുപ്പിന്റെ അഞ്ച് ഹെക്ടർ സ്ഥലത്താണ് സുവർണോദ്യാനവും ബയോളജിക്കൽ പാർക്കും തുറക്കുന്നത്.
18 വർഷം മുന്പ് അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി സിഗ്നൽ സ്റ്റേഷൻ നിർമിക്കാൻ കോടനാട് വനം വകുപ്പിന്റെ 2.5 ഹെക്ടർ ഭൂമി സിയാലിനു വിട്ടുനല്കിയതിന് പകരമായാണ് വിമാനത്താവളത്തിനു സമീപം അഞ്ച് ഹെക്ടർ ഭൂമി വനം വകുപ്പിനു നല്കിയത്.
മുതിർന്നവർക്കും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ബയോളജിക്കൽ പാർക്ക് നമ്മുടെ സംസ്കൃതിയുടെയും പുരാതന ആവാസ വ്യവസ്ഥകളുടെയും തനിമയാർന്ന ഗ്രാമീണ കാഴ്ചകളുടെയും ഉദാത്ത മാതൃകയാണ്. താമരപ്പൂക്കൾ വിരിയുന്ന തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടത്തിന്റെ തനതായ സസ്യവൈവിധ്യം, ഉൾവനങ്ങളിൽ നിന്ന് സമാഹരിച്ച ഓർക്കിഡ് ശേഖരം, നിത്യഹരിത വനങ്ങളിൽനിന്നുള്ള പന്നൽച്ചെടി ശേഖരം, ശാസ്ത്ര പഠനത്തിനുതകുന്ന സസ്യജാല വിജ്ഞാന ഉദ്യാനം, അപൂർവങ്ങളായ ഔഷധ സസ്യങ്ങൾ, സന്ദർകർക്ക് വിശ്രമത്തിനുള്ള മുളകൊണ്ട് നിർമിച്ച കുടിലുകൾ, പത്തിലധികം മുളയിനങ്ങൾ, റോസ് ഗാർഡൻ, കേരളീയ പഴമയുടെ പ്രതീകമായ കാവ്, കരിങ്കല്ലിൽ തീർത്ത മനോഹരമായ ഇരിപ്പിടങ്ങൾ, പാരിസ്ഥിതി പഠന ക്ലാസുകൾ നടത്തുന്നതിനുള്ള ഡോക്ടർ സലിം അലി നേച്ചർ സ്റ്റഡി ഹാൾ, സന്ദർശകർക്കുള്ള ലഘുഭക്ഷണശാല, വനവിഭവങ്ങൾ വിൽക്കുന്ന വനശ്രീ ഇക്കോഷോപ്പ് തുടങ്ങിയവ പാർക്കിന്റെ പ്രത്യേകതയാണ്.
വനം വകുപ്പിന്റെ കീഴിൽ പങ്കാളിത്ത വനപരിപാലനത്തിന്റെ ഭാഗമായി പ്രാദേശികമായി രൂപീകരിച്ച വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഇക്കോ പാർക്കിന്റെ നടത്തിപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നു രാവിലെ 9.30നു പാർക്കിൽ നടക്കുന്ന ചടങ്ങിൽ വനം മന്ത്രി കെ. രാജു പാർക്ക് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എംപി മുഖ്യാതിഥിയായിരിക്കും.