പെരുവണ്ണാമൂഴി: വനം വകുപ്പിന്റെ പെരുവണ്ണാമൂഴിയിലെ കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം ഇന്നലെ ഉച്ചയോടെ നിർത്തിവെച്ചു. പാർക്കിലെ കളി ഊഞ്ഞാൽ ഉൾപ്പടെ ഇരുമ്പിൽ നിർമ്മിച്ചു സ്ഥാപിച്ച ആറോളം കളി യന്ത്രക്കോപ്പുകൾ തുരുമ്പെടുത്തു അപകടനിലയിലായതാണു കാരണം.
ഇന്നലെ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിലെ കുട്ടികൾ ഇവിടെ വിനോദത്തിനായി എത്തിയിരുന്നു. ഇതിൽ പെട്ട ഷന ആയിഷക്കു തുരുമ്പിച്ചു പൊട്ടിയ യന്ത്രത്തിൽ നിന്നു പരിക്കേറ്റു. ചക്കിട്ടപാറ ലിറ്റിൽ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. കൈക്കു മൂന്നു തുന്നലിടേണ്ടി വന്നു.
സംഭവം പുറത്തായതോടെയാണു പാർക്കിന്റെ പ്രവർത്തനം നിർത്തി വെക്കാൻ വനം വകുപ്പധികൃതർ നിർബന്ധിതരായത്. നിലവിലുള്ള യന്ത്ര കളിക്കോപ്പുകൾ മാറ്റി സ്ഥാപിക്കാൻ പുതിയതിനു ഓർഡർ നൽകിയിട്ടുണ്ടെന്നാണു അധികൃതർ പറയുന്നത്. ഇതിനായി കാത്തിരിക്കുമ്പോഴാണു ഇന്നലെ കുട്ടിക്കു അപകടം പിണയുന്നത്. മുതിർന്നവർക്കു മുപ്പതും കുട്ടികൾക്കു പതിനഞ്ചു രൂപയുമാണു ഇവിടെ പ്രവേശിക്കാൻ ഫീസ്.