ഗാന്ധിനഗര്‍: സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടല്‍ മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ അടുക്കള നഗരസഭയുടെ അനുമതിയില്ലാതെ ഒരു കിലോമീറ്റര്‍ അകലയെന്ന് കണ്ടെത്തി.
മെഡിക്കല്‍ കോളജ് റോഡില്‍ ചെമ്മനംപടിക്കു സമീപം വാടകവീട്ടിലാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്.വീടിന്റെ മുറ്റത്ത് ഷീറ്റിട്ടാണ് അടുക്കള നിര്‍മിച്ചിരിക്കുന്നത്.
ഇവിടെ കുഴിമന്തിയുണ്ടാക്കാനുള്ള വലിയ അടുപ്പമുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.
പല സമയത്തും രൂക്ഷമായ ദുര്‍ഗന്ധം ഇവിടെനിന്ന് ഉണ്ടാകാറുണ്ടെന്നും പരാതിപ്പെടുമ്പോള്‍ കുറച്ച് മാലിന്യം നീക്കം ചെയ്യുന്നതു കാണാമെന്നും സമീപവാസികള്‍ പറഞ്ഞു.
അടുക്കളയോടു ചേര്‍ന്ന് ഇന്നലെയും മാലിന്യം കുന്നുകുടി കിടക്കുകയാണ്. കുഴിമന്തിക്കു ചേര്‍ക്കേണ്ട മസാലകള്‍ ഉപയോഗശൂന്യമായ രീതിയില്‍ അടുക്കളയിലുണ്ട്.
ഹോട്ടലിനോടനുബന്ധിച്ചു തന്നെ അടുക്കളയും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് നഗരസഭ അനുമതിയും നൽകിയിട്ടില്ല.
അടുക്കള വേറെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഹോട്ടല്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു മാത്രമെന്ന ലൈസന്‍സാണ് നൽകേണ്ടത്. നഗരസഭ ഹോട്ടലിനുള്ള ലൈസന്‍സാണ് നൽകിയത്. ഇക്കാര്യത്തിലും വന്‍ അഴിമതിയാണു നടന്നിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.