കണ്ണൂർ: ജില്ലാ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് പാർക്കിംഗ് പോലും കൈയേറി ഇരുചക്ര വാഹനങ്ങൾ. ദിനംപ്രതി ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിക്ക് സമീപം കാര്യമായ പാർക്കിംഗ് സംവിധാനമില്ലാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്.
ആശുപത്രിക്ക് മുന്നിലെ റോഡരികിൽ ആംബുലൻസ് പാർക്കിനായി ബോർഡ് ഉയർത്തിയ സ്ഥലത്താണ് ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. രാവിലെ 10 മുതൽ ഉച്ച വരെയുള്ള സമയങ്ങളിൽ നൂറിലധികം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ വരിയായി പാർക്കിംഗ് ചെയ്യുന്നത്.
ഡോക്ടറെ കാണാൻ എത്തുന്നവരും അവരുടെ സഹായത്തിന് എത്തുന്നവരും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരും വാഹനങ്ങൾ റോഡരുകിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതുകാരണം രാവിലെ ഇതുവഴിയുള്ള റോഡിൽ ഗതാഗത തടസമുണ്ടാകുന്നതും പതിവാണ്.