ഷൊർണുർ: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ വാണിയംകുളത്ത് ലോറികളുടെ അനധികൃത പാർക്കിംഗ് ഭീഷണിയാകുന്നു. പ്രധാനമായും ചന്തദിവസമാണ് ലോറികളുടെ നീണ്ട ക്യൂ വാണിയംകുളം മുതൽ മുതൽ മനിശേരിവരെ കാണുന്നത്.ചന്തയിലേക്ക് കന്നുകാലികളെയും മറ്റും കയറ്റിവരുന്ന ലോറികളാണ് ഇത്തരത്തിൽ അപകടഭീഷണി ഉയർത്തി റോഡിന്റെ ഇരുവശങ്ങളിലും നിർത്തിയിടുന്നത്.
ഇരുവശങ്ങളിലും ലോറികൾ നിരക്കുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം സങ്കീർണമാകും. റോഡിന്റെ വശങ്ങളിലേക്ക് പരമാവധി ഒതുക്കിയാണ് ലോറികൾ ഇടുന്നതെങ്കിലും റോഡുകളിലൂടെ വാഹനങ്ങൾ പോകുന്പോൾ ഞെക്കി ഞെരുങ്ങി വേണം പോകാൻ.ഇതുകൊണ്ടുതന്നെ ചന്തദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ ദുഷ്കരമാണെന്ന് സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഒരേസ്വരത്തിൽ ആരോപിക്കുന്നു.
ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം ഇവിടെ അപകടങ്ങളും പതിവാണ്.ചന്തയുടെ വിവിധഭാഗങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇഷ്ടംപോലെ സ്ഥലസൗകര്യങ്ങളുണ്ട്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പക്ഷം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുമാർ അന്പത്തിനുപുറത്ത് ലോറികൾ ഇത്തരത്തിൽ ഒന്നിനു പിറകെ ഒന്നായി ഈറോഡിൽ ഇരുവശങ്ങളിലുമായി നിർത്തിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിട്ടുണ്ട്.ലോറികളുടെ ഇത്തരത്തിലുള്ള അനധികൃത പാർക്കിംഗ് വാഹനഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുന്പോഴും മോട്ടോർ വാഹനവകുപ്പ് അധികൃതരും പോലീസും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റു ചെറുവാഹനങ്ങളും ഇവിടെ അപകടങ്ങളിൽപെടുന്നത് പതിവാണ്.