പൂച്ചാക്കൽ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ വാഹന പാർക്കിങ് യാത്രക്കാർ ദുരിതത്തിലായി. ചേർത്തല – അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ വടക്കേക്കരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുന്നിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഇത് യാത്രക്കാർക്കും മറ്റ് വാഹന ഗതാഗത്തിനും തടസം സൃഷ്ടിക്കുന്നു. കാത്തിരിപ്പ് കേന്ദ്രത്തിനു മുമ്പിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ വീണ്ടും കവലയുടെ തിരക്കുള്ള ഭാഗത്തെക്ക് നിർത്തേണ്ട സ്ഥിതിയാണുള്ളത്. ഇലക്ട്രിസിറ്റി കവലയിലെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായിരുന്നു ബസുകൾ നിർത്തിയിരുന്നത്.
എന്നാൽ ഒരേ സമയം രണ്ട് ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് ഗതാഗതകുരുക്കിന് ഇടയാക്കിയിരുന്നു. കൂടാതെ തളിയാപറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ തിരിഞ്ഞു പോകാൻ സാധിക്കാതെ വരുന്നു.ഇതേ തുടർന്നാണ്
മുൻ എംഎൽഎ എ.എം ആരിഫിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം കവലക്ക് തെക്ക് ഭാഗത്തായി നിർമിച്ചത്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കു മത്സ്യം വാങ്ങാൻ വരുന്നവരും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നതാണ് കൂടുതലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കാൻ കാരണം. ഇതിനെതിരെ പോലീസ് നടപടി എടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.