കൊച്ചി: പാതയോരങ്ങളിലെ കടകള്‍ക്കു മുന്നിലെ അനധികൃത പാര്‍ക്കിംഗ്, റോഡിലേക്കു പ്രവേശിക്കാന്‍ കടയുടമയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് അനധികൃതമാണെന്നും ഇതു മാറ്റണമെന്നുമാവശ്യപ്പെട്ടു തേവലക്കര സ്വദേശി എം. നൗഷാദ് ഉള്‍പ്പെടെ ആറു പേര് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
റോഡിനോടു ചേര്‍ന്നു കിടക്കുന്ന ഭൂമിയുടെ ഏതു ഭാഗത്തു കൂടിയും പൊതുറോഡിലേക്കു പ്രവേശിക്കാന്‍ ഭൂവുടമയ്ക്ക് അവകാശമുണ്ട്. പാര്‍ക്കിംഗിന്റെ പേരില്‍ ഇതു നിഷേധിക്കാന്‍ കഴിയില്ല. ഇതേ വിഷയത്തില്‍ വിവിധ ഹൈക്കോടതികള്‍ പ്രസ്താവിച്ച വിധിയും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പാര്‍ക്കിംഗ് സ്ഥലം നിശ്ചയിക്കേണ്ടത് പഞ്ചായത്താണെന്നു മോട്ടോര്‍ വാഹന ചട്ടത്തില്‍ പറയുന്നുണ്ട്. ഗതാഗത തടസമൊഴിവാക്കാനും പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാനും എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വേണമെന്ന് കേരള പോലീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരുടെ കേസില്‍ അനധികൃത ഓട്ടോ സ്റ്റാന്‍ഡാണ് നിലവിലുള്ളതെന്നു രേഖകളില്‍നിന്നു വ്യക്തമാണെന്നും കോടതി വിലയിരുത്തി.
പടപ്പനാല്‍ ജംഗ്ഷനിലൂടെ കടന്നു പോകുന്ന ചവറ-ശാസ്താംകോട്ട റോഡിന്റെ തെക്കുവശത്തു സ്ഥിതി ചെയ്യുന്ന കടമുറികളുടെയും വീടുകളുടെയും ഉടമകളാണ് ഹര്‍ജിക്കാര്‍. കടയുടമകള്‍ പാര്‍ക്കിംഗ് സ്ഥലം കൈയേറി ഷെഡ് നിര്‍മിച്ചെന്നും ഗതാഗത തടസമുണ്ടാക്കാതെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ തങ്ങള്‍ക്ക് ജോയിന്റ് ആര്‍ടിഒയുടെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നുമുള്ള ഓട്ടോക്കാരുടെ വാദം കോടതി തള്ളി.