കോട്ടയം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നഗരമധ്യത്തില്‍ കട നടത്തുന്നയാളുടെ ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പോലീസ് പറഞ്ഞു. കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തക്കവലയ്ക്കു സമീപം ലേഡീസ് ആന്‍ഡ് കിഡ്‌സ് സ്റ്റോര്‍ നടത്തുന്ന നോബി ടി. ഫ്രാന്‍സിസിന്റെ ഭാര്യ മര്‍ഫി സെബാസ്റ്റ്യനെയാണ് (41) കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ലേഡീസ് സെന്ററിനു സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയയാള്‍ നോബിയുടെ കടയുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തു. വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പാടിലെന്നു നോബിയുടെ കടയിലെ ജീവനക്കാരെത്തി കാറുടമസ്ഥനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ കേട്ടഭാവം നടിച്ചില്ല. തുടര്‍ന്ന് നോബി സ്ഥലത്തെത്തി വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വാഹനം മാറ്റിയിടാന്‍ തയാറായില്ല.
തുടര്‍ന്ന് നോബിയും ജീവനക്കാരും കടയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന നോബിയുടെ ഭാര്യ മര്‍ഫി പുറത്തേക്കു വന്നു. ഇതിനിടെ കാറുടമ കാര്‍ മുന്നോട്ടെടുക്കുകയും മര്‍ഫിയെ ഇടിച്ചു വീഴ്ത്തുകയുമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ മര്‍ഫിയെ ആദ്യം കോട്ടയം ജനറല്‍ ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ഫിയെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം കാറുമായി ഉടമസ്ഥന്‍ രക്ഷപ്പെട്ടു.
മര്‍ഫിയെ കാര്‍ ഇടിച്ചു വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ കടയ്ക്കുള്ളിലെ സിസിടിവി കാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളടക്കമാണ് നോബി കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാറിന്റെ നമ്പരടക്കം പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.