കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി പഴങ്കഥയാകുന്നു. നാലാം പ്ലാറ്റ്ഫോമിന് സമീപം പണിത ആധുനിക സൗകര്യങ്ങളോട് കൂടിയ പാർക്കിംഗ് യാർഡ് ഈ ആഴ്ച്ച തന്നെ തുറക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വിശാലമായ പാർക്കിംഗ് യാർഡാണ് അവസാനവട്ട മിനുക്കുപണികളുമായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്നത്. 3,000 സ്ക്വർമീറ്ററിൽ പണി തീർത്ത പാർക്കിംഗ് യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലിയും പൂർത്തീകരിച്ചു കഴിഞ്ഞു.
ഇനിയുള്ള ചെറിയ ജോലി കൂടി തീർക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ യാർഡ് യാത്രക്കാർക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് സ്റ്റേഷൻ മാനേജർ ജോസഫ് മാത്യു പറഞ്ഞു. നിലവിൽ ഒന്നാം പ്ലാറ്റ് ഫോമിന് സമീപവും നാലാം പ്ലാറ്റ്ഫോമിന് സമീപവും പാർക്കിംഗ് യാർഡ് ഉണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് ഇതി അപര്യാപ്തമാണ്.
വിലെയും വൈകുന്നേരങ്ങളിലും വാഹനവുമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ തന്നെ 15 മിനിട്ട് എടുക്കുന്ന സ്ഥിതിയാണ്. വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയാലും നഗരത്തിലെ ബ്ലോക്കിൽ കുടുങ്ങി കൃത്യ സമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ കൂടി സമയം വേണ്ടി വരുന്നതിനാൽ ട്രെയിൻ കിട്ടാതിരിക്കുന്നത് നിത്യ സംഭവമാണ്.
പുതിയ പാർക്കിംഗ് യാർഡ് യാഥാർഥ്യമാകുന്നതോടെ തങ്ങളുടെ ഇത്തരം പ്രയാസങ്ങൾക്ക് അറുതി വരുമെന്നാണ് കരുതുന്നതെന്ന് യാത്രക്കാരും പറയുന്നു.