ഇരിങ്ങാലക്കുട: റോഡരികിൽ ചരക്കു വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം യാത്രികരും വിദ്യാർഥികളും ബുദ്ധിമുട്ടുന്പോഴും, ഇത്തരക്കാർക്കു സഹായമായി അധികൃതരും പോലീസും. ഠാണാ-ബസ്് സ്റ്റാൻഡ് മെയിൻ റോഡിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ, ജ്യോതിസ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലാണ് ചരക്കുവാഹനങ്ങൾ പതിവായി അനധികൃതമായി പാർക്ക് ചെയ്യുന്നത്.
ദിവസവും സ്കൂളിലേക്കും കോളജിലേക്കും വരുന്ന വിദ്യാർഥികൾക്ക് ഏറെ അപകടസാധ്യത സൃഷ്ടിക്കുന്ന രീതിയിലാണ് ചരക്കുലോറികളും മറ്റു സ്വകാര്യ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നത്. സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾക്ക് കുട്ടികളെ കയറ്റാനും ഇറക്കാനും ഇതുമൂലം സാധിക്കുന്നില്ല.
കാൽനടക്കാരായ വിദ്യാർഥികളും സൈക്കിളിൽ വരുന്ന കുട്ടികൾക്കും റോഡിനു കുറുകെ കടക്കുന്പോൾ ഈ വാഹനങ്ങൾ കിടക്കുന്നതുമൂലം കാഴ്ച മറ സൃഷിടിക്കുകയാണ്. ഇത്തരം കണ്ടെയ്നർ ലോറികൾ ഒന്നിൽ കൂടുതൽ ദിവസം ഇവിടെ കിടക്കുന്നതായും ആരോപണമുണ്ട്.
അനധികൃത പാർക്കിംഗിനെതിരെ പോലീസോ, അധികൃതരോ ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സ്കൂൾ ആരംഭിക്കുന്ന സമയത്തും വിടുന്ന സമയത്തും പോലീസിന്റെ സാന്നിധ്യം സ്കൂൾ പരിസരങ്ങളിൽ ഉണ്ടാകണമെന്ന് നിർദേശമുണ്ടെങ്കിലും ഇതു പലപ്പോഴും നടപ്പിലാവാറില്ല. സ്കൂളിനു മുന്നിലെ അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.