ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരേ നടപടി തുടങ്ങി. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് വ്യാപകതോതിലാണ് വാഹനപാർക്കിംഗ് നടന്നുവരുന്നത്.
ഇതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്ന സാഹചര്യം മുൻനിർത്തിയാണ് അധികൃതർ നടപടി തുടങ്ങിയത്. റെയിൽവേ സ്റ്റേഷൻ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ നിർത്താതെ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നവർക്കെതിരേയാണ് നടപടി. രണ്ടു സ്ഥലങ്ങൾ വാഹനപാർക്കിംഗിനായി റെയിൽവേ അനുവദിച്ചിട്ടുണ്ട്.
എന്നാൽ തോന്നിയ നിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്തുപോകുന്നവർ റെയിൽവേ സ്റ്റേഷനു മുൻവശത്തും റോഡരികിലുമാണ് ഇപ്പോൾ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതു വ്യാപക പരാതികൾക്ക് ഇടവരുത്തിയ സാഹചര്യത്തിലാണ് നടപടി. മുന്പ് പോസ്റ്റോഫീസ് റോഡിലെ അനധികൃത പാർക്കിംഗും പോലീസ് നിയന്ത്രിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക്, എംപ്ലോയ്മെന്റ് തുടങ്ങി ഇവിടെ നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടേയ്ക്ക് എത്തുന്നവരുടെ വാഹനങ്ങളാണ് ഇവിടത്തെ ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നത്.