ഗുരുവായൂർ: കേന്ദ്ര സർക്കാർ പദ്ധതിയായ പ്രസാദിലൂടെ ഗുരുവായൂർ ദേവസ്വം നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് പദ്ധതി ഉദ്ഘാടനത്തിനു സജ്ജമായി.
കിഴക്കേ നടയിൽ പഴയ വേണുഗോപാൽ പാർക്കിംഗ് സ്ഥലത്ത് 24.26 കോടി ചെലവഴിച്ചാണ് നാലു നിലകളിലായി 1.64 ലക്ഷം ചതുരശ്ര അടിയിൽ പദ്ധതി പൂർത്തിയാക്കിയത്.
ഇവിടെ 226 കാറുകൾ, 338 ബൈക്കുകൾ, ഒന്‍പത് ബസുകൾ എന്നിവ ഒരേസമയം പാർക്ക് ചെയ്യാനാവും. പാർക്കിംഗ് കേന്ദ്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും റാന്പുകളിലൂടെയാണ്.
ഒരോ നിലകളിലും അഞ്ച് ടോയ്ലെറ്റുകൾ വീതം 20 ടോയ്ലെറ്റുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് ലിഫ്റ്റുകളുമുണ്ട്. ഈ മാസം അവസാനം പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.
2018 സെപ്റ്റംബർ 28ന് കേന്ദ്രമന്ത്രിയായിരുന്ന അൽഫോണ്‍സ് കണ്ണന്താനമാണ് മൾട്ടി ലവൽ കാർ പാർക്കിംഗ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
വടകര ആസ്ഥാനമായ ഉൗരാളുങ്കൽ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. ദേവസ്വം മരാമത്ത് വിഭാഗം എൻജിനിയർമാരുടെ മേൽനോട്ടത്തിലാണ് നിർമാണം നടന്നത്.
കേന്ദ്രത്തിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമിക്കുന്ന പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണവും നടന്നു വരികയായിരുന്നു.
ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗുരുവായൂരിലെ പാർക്കിംഗ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. പ്രസാദ് പദ്ധതിയിൽ 46 കോടിയാണ് ദേവസ്വത്തിനും നഗരസഭയ്ക്കുമായി കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്.