എം .ജെ ശ്രീജിത്ത്
തിരുവനന്തപുരം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെ ആർ എസ്പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസിന് കടുത്ത അതൃപ്തി. മുന്നണി കൂടി ചർച്ച ചെയ്ത് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്പ് ഏകപക്ഷീയമായി ആർ.എസ്.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ കൊല്ലം ഡിസിസിയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
യൂത്തു കോൺഗ്രസും കെഎസ്.യുവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസന്റെ കൊല്ലം ജില്ലാ കമ്മറ്റി ഔദ്യോഗികമായി തന്നെ ഡി.സി.സി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ സിറ്റിംഗ് എപി കൂടിയായ എൻകെ പ്രേമചന്ദ്രൻ മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചത്.
കൊല്ലത്തെ കോൺഗ്രസ് നേതൃത്വത്തിനോട് ആലോചിക്കാതെയുള്ള പ്രഖ്യാപനത്തിനെതിരെ ശക്തമായ രീതിയിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഇതിനെതിരെ കൊല്ലം ഡി.സി.സി ഭാരവാഹികൾ കെ.പി.സി.സി നേതൃത്വത്തെ പ്രതിഷേധം ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. എൻ.കെ പ്രേമചന്ദ്രനെ കൊല്ലത്ത് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്നാണ് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷണയുടെ പ്രതികരണം.
കൊല്ലം പാർലമെന്റ് സീറ്റിലെ സ്ഥാനാർഥിയെക്കുറിച്ച് ഇതുവരെ ഒരു തരത്തിലുമുള്ള ചർച്ചയും നടന്നിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ആർ.എസ്.പി പ്രേമചന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് അറിയില്ല. പ്രേമചന്ദ്രൻ സ്ഥാനാർഥിയാകുന്നതിനോട് വ്യക്തിപരിമായി ഒരു എതിർപ്പുമില്ല. മുന്നണികൂടി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതാണ് പതിവ്.
അതിനു വിരുദ്ധമായി എഎ അസീസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സീറ്റുകളെ സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുമാണ് തീരുമാനമെടുക്കേണ്ടത്. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏതു തീരുമാനത്തേയു ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗീകരിക്കും. പ്രേമചന്ദ്രൻ രാജ്യത്തെ മികച്ച എംപിമാരിൽ ഒരാളാണ് അദ്ദേഹം സ്ഥാനാർഥിയാകുന്നതിനോട് എതിർക്കേണ്ട കാര്യവുമില്ല.
പക്ഷെ സീറ്റു ചർച്ചകളിലേയ്ക്ക് മുന്നണി കടക്കുന്നതിന് മുന്പുള്ള സ്ഥാനാർഥി പ്രഖ്യാപനം ശരിയായില്ലെന്ന നിലപാടാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുള്ളതെന്നും ബിന്ദു കൃഷ്ണ രാഷ്ട്രദീപികയോട് പറഞ്ഞു. തിരുവനന്തപുരം: കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ആർഎസ്.പിയുടെ സ്ഥാനാർഥിയെയാണ് പ്രഖ്യാപിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എ എ അസീസ്. പ്രേമചന്ദ്രൻ സിറ്റിംഗ് എംപിയാണ്.
മുന്നണി തീരുമാനിച്ച് ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കും. തങ്ങൾ കഴിഞ്ഞ തവണ മത്സരിച്ച സീറ്റായതിനാൽ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതെന്നും അസീസ് രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ കോൺഗ്രസിന് പ്രതിഷേധമുണ്ടെന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.