മലപ്പുറം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുഗുൾ വാസ്നിക് പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെകണ്ട് ചർച്ച നടത്തി. ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി മലപ്പുറത്തെത്തിയത്.
രാവിലെ 9.30 ഓടെ പാണക്കാട്ടെത്തിയ മുഗുൾ വാസ്നിക് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷൻ കൂടിയായ സയ്യിദ് ഹൈദരലി തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് എന്നിവരുമായി അരമണിക്കൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി, യു.എ.ലത്തീഫ് എന്നിവരും പാണക്കാട് സന്നിഹിതരായിരുന്നു.
ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, പി.ടി.അജയ്മോഹൻ, കെ.പി.അബ്ദുൽ മജീദ്, കെ.പി.അനിൽകുമാർ, മണക്കാട് സുരേഷ്, അനിൽ ബോസ്, ഇ. മുഹമ്മദ് കുഞ്ഞി, സക്കീർ പുല്ലാര, എം.കെ.മുഹ്സിൻ എന്നിവരോടൊപ്പം പാണക്കാട്ടെത്തിയ മുഗുൾ വാസ്നിക് പത്ത് മണിയോടെ മലപ്പുറം ഡിസിസിയിലേക്ക് മടങ്ങി. പിന്നീട് മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടന്ന കോണ്ഗ്രസ് നേതൃസംഗമത്തിൽ പങ്കെടുത്ത ശേഷം പാലക്കാട്ടേക്ക് മടങ്ങി.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ രണ്ട് മുതൽ മുഗുൾ വാസ്നിക് കേരളത്തിൽ പര്യടനം നടത്തുന്നുണ്ട്. കാസർകോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഹർത്താലിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെ പര്യടനം മാറ്റിവച്ചിരുന്നു.