ന്യൂഡൽഹി: സാന്പത്തിക മാന്ദ്യത്തെ തുടർന്ന് പാർലെ ജീവനക്കാരെ പിരിച്ചുവിടുന്നു. 8,000 മുതൽ 10,000 വരെ ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്ന് പാർലെയുടെ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു. പായ്ക്കറ്റുകളിൽ ബിസ്കറ്റിന്റെ എണ്ണം കുറച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിനെത്തുടർന്നാണ് നടപടി.
ഇന്ത്യയിലെ ജനപ്രിയ ബിസ്കറ്റ് ബ്രാൻഡാണ് പാർലെ. ചരക്കുസേവന നികുതിയിലെ ഉയർന്ന നിരക്കും തിരിച്ചടിയാണെന്ന് കന്പനി പ്രതിനിധി അറിയിച്ചു. സാഹചര്യം വളരെ മോശമാണെന്നും സർക്കാർ ഉടൻ ഇടപെടണമെന്നും വക്താവ് ആവശ്യപ്പെട്ടു. വാഹന, വസ്ത്ര മേഖലയ്ക്കുപിന്നാലെയാണ് ലഘുഭക്ഷണ നിർമാണമേഖലയിലേക്കും മാന്ദ്യം പടരുന്നത്.
18 ശതമാനം ജിഎസ്ടി ബിസ്കറ്റ് വിൽപ്പനയിൽ വൻ ഇടിവുണ്ടാക്കിയതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചത്. ജിഎസ്ടി വർധിപ്പിച്ചപ്പോൾ അഞ്ചുരൂപയുടെ പായ്ക്കറ്റിനുപോലും നികുതിവന്നു. തുടർന്ന് അഞ്ച് രൂപ പായ്ക്കിൽ ഉൾപ്പെടെ ബിസ്കറ്റുകളുടെ എണ്ണത്തിൽ കുറവുവരുത്തി. ഇത് വിൽപ്പനയെ ബാധിച്ചു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 90 വർഷത്തെ പാരന്പര്യമുള്ള പാർലെയുടെ വാർഷിക വരുമാനം 1400 കോടി ഡോളറാണ്. കന്പനിയിൽ 125 പ്ലാന്റുകളിലായി സ്ഥിരം-താൽക്കാലിക അടിസ്ഥാനത്തിൽ ലക്ഷം തൊഴിലാളികളുണ്ട്. ഗുരുതരമായ സ്ഥിതിവിശേഷം വിപണിയിലുണ്ടെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ വരുണ്‍ ബെറി പറഞ്ഞു.