കോൽക്കത്ത: അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക ബിസ്ക്കറ്റ് ഉപയോഗിച്ചു നിർമിച്ചിരിക്കുകയാണു പശ്ചിമബംഗാളിലെ ദുർഗാപുർ സ്വദേശി ഛോട്ടൻ ഘോഷ്. ഇരുപതു കിലോഗ്രാം പാർലെ-ജി ബിസ്ക്കറ്റ് ഉപയോഗിച്ചാണു ക്ഷേത്രത്തിന്റെ നിർമാണം.
അഞ്ചു ദിവസമെടുത്താണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്നു ഘോഷ് രാമക്ഷേത്രത്തിന്റെ 4×4 അടി മോഡൽ പൂർത്തിയാക്കിയത്. ബിസ്ക്കറ്റിനെ കൂടാതെ തെർമോകോൾ, പ്ലൈവുഡ്, പശ എന്നിവയും കുറഞ്ഞ അളവിൽ ഉപയോഗിച്ചിട്ടുണ്ട്. ബിസ്ക്കറ്റ് മാതൃക ശ്രദ്ധേയമായതോടെ ഘോഷും സുഹൃത്തുക്കളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. കൗതുകവും അദ്ഭുതവും നിറഞ്ഞ മാതൃകകൾ ഘോഷ് ഇതിനും മുമ്പും നിർമിച്ചിട്ടുണ്ട്. ചന്ദ്രയാൻ-3 മാതൃക നിർമിച്ച് ഘോഷ് ശ്രദ്ധ നേടിയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
പശ്ചിമബംഗാളിലെ സിലിഗുരി സ്വദേശിയായ പ്രിയങ്ക ദേ രാമക്ഷേത്ര മാതൃകയിലുള്ള കേക്ക് നിർമിച്ചതും വലിയ വാർത്ത ആയിരുന്നു. ഏറെക്കാലമായി വീട്ടിലിരുന്ന് കേക്ക് തയ്യാറാക്കുന്ന പ്രിയങ്കയുടെ രാമക്ഷേത്ര മാതൃകയിലുള്ള കേക്കിന് വലിയ തോതിലുള്ള പ്രശംസയായിരുന്നു ലഭിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറിയൊരു പതിപ്പായിരുന്നു പ്രിയങ്ക നിര്‍മിച്ച കേക്ക്.