റായ്പുർ: പ്രമുഖ ബിസ്കറ്റ് നിർമാണ കന്പനിയായ പാർലെ-ജിയുടെ ഛത്തീസ്ഗഡിലെ പ്ലാന്റിൽനിന്ന് 26 കുട്ടികളെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് നടപടിയിലാണ് ബാലവേലയ്ക്കു നിയോഗിച്ചിരുന്ന കുട്ടികളെ മോചിപ്പിച്ചത്.
ബാലവേല സംബന്ധിച്ചു സൂചന ലഭിച്ചതിനെ തുടർന്ന് സർക്കാർ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. റായ്പൂരിലെ അമാസിവ്നി മേഖലയിലെ പ്ലാന്റിലാണു കുട്ടികളെ ജോലിക്കു നിയോഗിച്ചിരുന്നതെന്നു വിധാൻസഭ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വനി റാത്തോഡ് അറിയിച്ചു.
രക്ഷപ്പെടുത്തിയ കുട്ടികളെ ജുവനൈൽ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫാക്ടറി ഉടമയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റ് ചെയ്തു.
13 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ജോലിക്കു നിയോഗിച്ചിരുന്നതെന്നു പോലീസ് അറിയിച്ചു. ഇവരിൽ ചില കുട്ടികൾ ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പ്ലാന്റുകളിലും ജോലി ചെയ്തിട്ടുണ്ടെന്നാണു സൂചന.
രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണു പ്ലാന്റിൽ കുട്ടികളെ പണിയെടുപ്പിച്ചിരുന്നത്. പ്രതിമാസം 5000 മുതൽ 7000 വരെയാണ് ഇവർക്കു ശന്പളം നൽകിയിരുന്നത്.
ബാലവേലയ്ക്കെതിരായ ലോകദിനാചരണം നടന്ന ജൂണ്‍ 12 മുതലാണു റെയ്ഡുകൾ സംഘടിപ്പിച്ചു തുടങ്ങിയത്. ഇതിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ 51 കുട്ടികളെ രക്ഷിക്കാനായെന്നു ശിശുക്ഷേമ വകുപ്പ് അറിയിച്ചു.