ന്യൂഡൽഹി: ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക ഗാലറിയിൽ നിന്ന് പ്രതിഷേധവുമായി രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി.
ഉച്ചയ്ക്ക് 1.02 ന് ലോക്സഭയിലെ ശൂന്യവേളയ്ക്കിടെയാണ് സംഭവമുണ്ടായത്. രണ്ടുപേർ മഞ്ഞപ്പുക വമിക്കുന്ന ക്യാനുകളുമായി സന്ദർശക ഗാലറിയിൽ നിന്ന് ചാടുകയായിരുന്നു.
സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുകപടർത്തി. സ്പീക്കറുടെ ചേംബർ ലക്ഷ്യമാക്കി ഓടിയ ഇരുവരെയും എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കീഴടക്കിയത്.
ഇരുവരെയുംകൂടാതെ ഒരു പുരുഷനെയും സ്ത്രീയെയും പാർലമെന്റിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ഇരുവരുടെയും കൈയിൽ നിന്നും പുക വമിക്കുന്ന ക്യാൻ കണ്ടെടുത്തു.
പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ടുമണിവരെ സഭ നിർത്തിവച്ചു.
സംഘർഷത്തിന് ശേഷം സന്ദർശക പാസ് കണ്ടെടുത്തതായും അത് നൽകിയത് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണെന്നും ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു.
സന്ദർശക ഗാലറിയിൽ നിന്ന് ആരോ താഴെ വീണതാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.
രണ്ടാമത്തേയാൾ ചാടിയശേഷമാണ് സുരക്ഷാ വീഴ്ചയാണെന്ന് മനസിലായത്. വാതകം വിഷലിപ്തമായിരിക്കാമെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.