ന്യൂഡൽഹി: രാജ്യത്തെ നടുക്കി പാര്‍ലമെന്റിൽ അതിക്രമവും പ്രതിഷേധവും നടത്തിയ പ്രതികൾ ഭഗത് സിംഗ് എന്ന ഗ്രൂപ്പിന്റെ ഭാഗമാണെന്നു പോലീസ്. ഭഗത് സിംഗിനെപ്പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണു ശ്രമിച്ചതെന്നു പ്രതികൾ മൊഴിയും നല്കി.
ഫേസ്ബുക്കിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടതെന്നും ജനുവരി മുതൽ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങിയിരുന്നെന്നും പ്രതികൾ പറഞ്ഞു. അതേസമയം, പിടിയിലാവർക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ലോക്സഭയിൽ ശൂന്യവേള അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ഇന്നലെ ഉച്ചയ്ക്ക് 1.02നായിരുന്നു സംഭവം. പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച ഒരു സ്ത്രീയടക്കം ആറു പേരെയും പോലീസ് പിടികൂടി.
പ്രതികൾക്കെതിരേ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. വിവിധ സർക്കാർ ഏജൻസികൾ ഇവരെ ചോദ്യംചെയ്യുന്നതു തുടരുകയാണ്. കേസന്വേഷണം പൂർണമായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിന് കൈമാറും. കേസ് കേന്ദ്ര ഏജൻസിക്ക് വിടണോ എന്നതിൽ പിന്നീടായിരിക്കും തീരുമാനം.
മുഖ്യസൂത്രധാരൻ മറ്റൊരാള്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.ഇന്നു രാവിലെ സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷം സുരക്ഷ വീഴ്ച ഉന്നയിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പകരം പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്നു സർക്കാർ അറിയിച്ചു.
പാര്‍ലമെന്റിലെ ഗുരുതര സുരക്ഷാ വീഴ്ച ഇരുസഭകളിലും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
ഇന്ത്യ സഖ്യയോഗം പാർലമെന്റ് ചേരുന്നതിന് മുന്നോടിയായി നടക്കും. രാഷ്ട്രതിയെ കാണാനും പ്രതിപക്ഷ കക്ഷികൾ സമയം ചോദിച്ചിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരക്ഷാ വീഴ്ച ഇന്ത്യ മുന്നണി ആയുധമാക്കും.
പാര്‍ലമെന്റിനുള്ളിൽ പ്രതിഷേധിച്ച സാഗർ ശർമ, മൈസൂരു സ്വദേശിയും എൻജിനിയറിംഗ് വിദ്യാർഥിയുമായ മനോരഞ്ജൻ, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച അമോൽ ഷിൻഡെ, നീലം എന്നിവരെ സംഭവസ്ഥലത്തുവച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝാ, ഗുഡ്ഗാവ് സ്വദേശി വിക്കി ശർമ എന്നിവരെയും പോലീസ് പിന്നീട് പിടികൂടി. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നു പോലീസ് അറിയിച്ചു.
“ഏകാധിപത്യം തുലയട്ടെ’’ (താനാശാഹി നഹി ചലേഗി), ഭരണഘടന സംരക്ഷിക്കുക, ഭാരത് മാതാ കീ ജയ്, ജയ് ഭാരത്, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധവേളയിൽ ഇവർ ഉയർത്തിയത്.
നിറമുള്ള പുക ചീറ്റിക്കുകയുംചെയ്തു. പോലീസ് പിടിച്ചു കൊണ്ടുപോകുന്നതിനിടയിൽ തൊഴില്ലായ്മ രൂക്ഷമാണെന്നു പറഞ്ഞുകൊണ്ട് കർഷകർക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നീലം ദേവി ആസാദ് എന്ന സ്ത്രീ നടന്നത്.
പ്രതികൾ ആറു പേരും നാല് വർഷമായി പരിചയക്കാരാണ്. നാലു പേരും ഒന്നിച്ച് സഭയിൽ കയറാനായിരുന്നു തീരുമാനം. എന്നാൽ രണ്ടു പേർക്ക് മാത്രമാണ് പാസ് കിട്ടിയത്.
ഗാലറിയിൽനിന്നു ലോക്സഭയുടെ പ്രധാന ഹാളിലേക്കു ചാടിയശേഷം എംപിമാരുടെ മേശപ്പുറത്തുകൂടി ചാടിച്ചാടി മുന്നിലേക്കു കുതിച്ച ഒരു പ്രതിയിൽനിന്ന് മഞ്ഞ സ്പ്രേ പിടിച്ചുവാങ്ങി കീഴടക്കിയത് കോണ്‍ഗ്രസ് എംപി ഗുർജീത് സിംഗ് ഔജുലയാണ്.
ഇദ്ദേഹവും മറ്റുള്ള എംപിമാരും ചേർന്നാണു യുവാക്കളെ കീഴടക്കിയത്. സ്പ്രേ ചെയ്ത മഞ്ഞ വാതകത്തിൽ വിഷാംശമില്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ സംഭവസമയത്ത് പാർലമെന്റിൽ ഉണ്ടായിരുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.ക്കുവാനും തീരുമാനിച്ചു.