തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളുടെ അന്തിമ പട്ടികയായി. തിരുവനന്തപുരത്ത് സി.ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട്ടിൽ പി.പി.സുനീർ എന്നിവർ സ്ഥാനാർഥികളാകും. സിപിഐ സംസ്ഥാന സമിതി യോഗമാണ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ പാർട്ടിയായി ഇതോടെ സിപിഐ മാറി. ജില്ലാ നേതൃത്വങ്ങൾ നൽകിയ പട്ടിക പരിശോധിച്ച് സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലുമാണ് അന്തിമ സ്ഥാനാർഥി പട്ടിക നിശ്ചയിച്ചത്. ഇനി കേന്ദ്ര നേതൃത്വം കൂടി പട്ടിക അംഗീകരിക്കേണ്ടതുണ്ട്. സംസ്ഥാന നേതൃത്വം നൽകുന്ന പട്ടിക കേന്ദ്രം തിരുത്തുന്ന സാഹചര്യം കുറവായതിനാൽ സ്ഥാനാർഥി പട്ടിക മാറാൻ സാധ്യത കുറവാണ്.
നാല് സ്ഥാനാർഥികളിൽ രണ്ടു പേർ സിറ്റിംഗ് എംഎൽഎമാരാണെന്ന പ്രത്യേകത കൂടിയുണ്ട്. നെടുമങ്ങാട് നിന്നുള്ള എംഎൽഎയാണ് തിരുവനന്തപുരത്തെ സ്ഥാനാർഥി സി.ദിവാകരൻ. അടൂരിനെ പ്രതിനിധീകരിക്കുന്ന ചിറ്റയം ഗോപകുമാറിനെയാണ് മാവേലിക്കര തിരിച്ചുപിടിക്കാൻ സിപിഐ നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ ആനി രാജ വരെയുള്ളവരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും സി.ദിവാകരന് നറുക്ക് വീഴുകയായിരുന്നു. മത്സരിക്കാനില്ലെന്ന് കാനം തീർത്ത് പറഞ്ഞതോടെയാണ് പട്ടികയിലെ രണ്ടാമനായിരുന്ന ദിവാകരന് വഴിതെളിഞ്ഞത്. കഴിഞ്ഞ തവണ ബെനറ്റ് എബ്രഹാമിനെ നിർത്തി വലിയ നാണക്കേട് പേറിയ സിപിഐക്ക് ഇത്തവണ സ്ഥാനാർഥി നിർണയം വരെ നിർണായകമായിരുന്നു.