തിരുവനന്തപുരം: ദേശീയ- സംസ്ഥാന വിഷയങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗവും ചർച്ചയാക്കി മുന്നണികൾ നേർക്കുനേർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ വിഷയങ്ങളാണ് ബിജെപിയും എൽഡിഎഫും കോണ്‍ഗ്രസും ഇന്ന് ചർച്ചയാക്കിയിരിക്കുന്നത്.
തണുത്ത രീതിയിലായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ചൂടുപിടിക്കുകയായിരുന്നു. ഇത് ഇന്ന് മുന്നണികൾ പരസ്പരം ഏറ്റു പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് മറുപടിയുമായി എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്ത് പ്രചാരണം നടത്തുകയാണ്. തിരുവനന്തപുരത്ത് ശശിതരൂർ ബിജെപി സ്ഥാനാർഥിക്കെതിരേ നടത്തിയ പ്രസ്താവനയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചത് നേരിയ ക്ഷീണമായെങ്കിലും സജീവമായി ബിജെപിക്കെതിരേ രാഷ്ട്രീയ പോരാട്ടവുമായി തരൂർ രംഗത്തുണ്ട്.
മുഖ്യമന്ത്രിയും മകളും അഴിമതി കാട്ടിയെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവനയെ കോണ്‍ഗ്രസും എൽഡിഎഫിനെതിരേ ആയുധമാക്കുന്നുണ്ട്. ബിജെപിക്കെതിരേ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം അവശേഷിക്കെ കടുത്ത പ്രചാരണപരിപാടികൾക്കായി ദേശീയ നേതാക്കൾ കേരളത്തിലെത്തി തുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി തരൂരും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും കന്നിവോട്ടർമാരിലും യുവതി യുവാക്കളിലും പ്രതീക്ഷ വച്ചുള്ള പ്രചാരണപരിപാടികളുമായാണ് മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ പോലെ ആറ്റിങ്ങലിലും മൂന്ന് മുന്നണി സ്ഥാനാർത്ഥികളും സജീവമായി രംഗത്തുണ്ട്. യുഡിഎഫിലെ സിറ്റിംഗ് എംപി അടൂർ പ്രകാശ് വികസന തുടർച്ചയ്ക്ക് വേണ്ടിയാണ് വോട്ട് തേടുന്നത്.
ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും അടൂർ പ്രകാശ് സജീവമായി പര്യടനം തുടരുകയാണ്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. ജോയിയും ശക്തമായ പ്രചാരണവുമായി മുന്നേറുകയാണ്. ഏറെക്കാലമായി എൽഡിഎഫ് കൈവശം വച്ചിരുന്ന സീറ്റ് കഴിഞ്ഞ തവണയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇത്തവണ സീറ്റ് യുഡിഎഫിൽ നിന്നും പിടിച്ചെടുക്കാനാണ് വി.ജോയിയെ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
ഇരു സ്ഥാനാർത്ഥികളെയും അട്ടിമറിച്ച് വിജയിക്കാനുള്ള പ്രചാരണ പരിപാടികളും വികസനവും മോദിയുടെ ഗ്യാരന്റിയുമാണ് ബിജെപി സ്ഥാനാർഥി വി. മുരളീധരൻ മുന്നോട്ട് വയ്ക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളുടെയും പര്യടനം മുന്നേറിക്കൊണ്ടിരിക്കുകയാണ്.