തിരുവനന്തപുരം: കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരസാധ്യതയെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി വിലയിരുത്തൽ.
ഇടതു മുന്നണിക്ക് 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇപ്പോൾ ഉണ്ട്. അതേസമയം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ കേരളത്തിൽ ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി വിലയിരുത്തി.
കൂടാതെ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയേക്കില്ലെന്നാണ് വിവരം.
പ്രശ്നം കേരള നേതൃത്വം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇന്ന് സമാപിക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണത്തിലേക്കും സിപിഎം കടക്കും. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയസാഹചര്യം നോക്കി സഖ്യം ഉണ്ടാക്കണമെന്നാണ് നേരത്തെ കമ്മിറ്റിയിൽ ഉയർന്നു വന്ന അഭിപ്രായം. അടുത്ത മാസം 11, 12 തീയതികളിൽ സിപിഎം സംസ്ഥാന സമിതി ഉണ്ടാകുമെന്നാണ് സൂചന.