തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ നാളെ കേരളവും വിധിയെഴുതും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്. കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. രാജ്യത്ത് ആകെ 88 ലോക്സഭാ മണ്ഡലങ്ങളിലാണു രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. കേരളത്തിൽ 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
39 ദിവസം നീണ്ടു നിന്ന പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെയും കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് ശതമാനം 80 ശതമാനമായി ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ പോളിംഗ്.
സംഘർഷ സാധ്യത കണക്കിലെടുത്തു തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് ആറ് മണി മുതൽ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയിൽ ഇന്ന് വൈകീട്ട് ആറ് മണി മുതലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ദ്രുതകർമസേനയുടെ ഒരു സംഘം വീതം എല്ലാ സ്റ്റേഷൻ പരിധിയിലും ഉണ്ടായിരിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തിയാണ് സുരക്ഷാനടപടി .
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളാണ് പ്രധാനമായി സംസ്ഥാനത്തു മത്സര രംഗത്തുള്ളത്. ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിൽ നേർക്കു നേർ പോരാട്ടമാണെങ്കിലും ആറിടങ്ങളിലെങ്കിലും ത്രികോണ പോരാട്ടത്തിനും വേദിയാകുന്നുണ്ട്. സ്വതന്ത്രർ അടക്കം 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ ജനവിധി തേടുന്നു.
വോട്ടർമാരിൽ ഭൂരിഭാഗവും സ്തീകളാണ്. 1.43 കോടി സ്ത്രീ വോട്ടർമാർ. 1.34 കോടി പുരുഷ വോട്ടർമാരും. 25,231 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 30,238 ബാലറ്റ് യൂണിറ്റുകളും 32,698 വിവി പാറ്റുകളുമാണ് സെറ്റ് ചെയ്തിട്ടുള്ളത്. സുരക്ഷാ ക്രമീകരണത്തിനായി 66,303 പോലീസുകാരെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചത്.
കേന്ദ്ര സേനകളിൽ നിന്ന് 4,464 ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് എത്തി. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 183 ഡിവൈഎസ്പിമാരാണ് നിയന്ത്രണത്തിനുള്ളത്. ഇരട്ട വോട്ടുകളും കള്ളവോട്ടുകളും തടയാൻ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
നാടിനെ ഇളക്കി മറിച്ച കൊട്ടിക്കലാശത്തോടെയാണ് ഇന്നലെ വൈകുന്നേരം ആറിനാണ് പരസ്യ പ്രചാരണം സമാപിച്ചത്. ചിലയിടങ്ങളിൽ നേരിയ സംഘർഷാവസ്ഥയുമുണ്ടായി. ജൂണ് നാലിനാണ് വോട്ടെണ്ണൽ.