ബിജു കുര്യൻ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എംഎൽഎമാരെ കൂടുതൽ രംഗത്തിറക്കാൻ ആലോചിക്കുന്നത് എൽഡിഎഫാണ്. എംഎൽഎമാരുടെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകളും തുടങ്ങി. എംഎൽഎ സ്ഥാനം കൈയിലുള്ളപ്പോൾ എംപിയാകാനുള്ള അവസരത്തിനുവേണ്ടിയുള്ള പോരാട്ടമാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.എംഎൽഎ എംപി ആയാൽ ഉണ്ടാകാൻ പോകുന്ന ഉപതെരഞ്ഞെടുപ്പും അതേത്തുടർന്നുള്ള ചെലവുകളും ചർച്ചയ്ക്ക് ആധാരമാകുന്നുണ്ട്.
സിപിഐയുടെ സ്ഥാനാർഥിപ്പട്ടികയിൽ രണ്ട് എംഎൽഎമാർ ഉൾപ്പെട്ടതിനു പിന്നാലെ സിപിഎം പട്ടികയിലും മൂന്നു പേരെ ഉൾപ്പെടുത്തി. പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.എംഎൽഎ, എംപി ആയാൽ ആറുമാസത്തിനുള്ളിൽ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. സാധാരണഗതിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ നിലവിലുണ്ടായിരുന്ന സ്ഥാനം ഒഴിയുകയാണ് പതിവ്.
ഇപ്പോഴത്തെ നിലയിൽ കേരളത്തിൽ മത്സരിക്കുന്ന എംഎൽഎമാർ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ രാജിവയ്ക്കുന്നത് എംഎൽഎ സ്ഥാനം തന്നെയാകും. അങ്ങനെയെങ്കിൽ 2021 മേയ് വരെ കേരള നിയമസഭയ്ക്ക് കാലാവധി ഉള്ളതിനാൽ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
സി. ദിവാകരൻ ( നെടുമങ്ങാട്), ചിറ്റയം ഗോപകുമാർ (അടൂർ) എന്നിവരാണ് സിപിഐ പട്ടികയിലുള്ള എംഎൽഎമാർ. എ. പ്രദീപ് കുമാർ (കോഴിക്കോട്), എ.എം. ആരിഫ് (അരൂർ), വീണാ ജോർജ് (ആറന്മുള) എന്നിവരാണ് സിപിഎം പട്ടികയിലുള്ള എംഎൽഎമാർ. പൊന്നാനിയിൽ പി.വി. അൻവർ എംഎൽഎ.
യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്ഗ്രസ് ഹൈക്കമാൻഡിന്റേത്. എന്നാൽ സംസ്ഥാനത്തു തയാറാക്കിയ പട്ടികയിൽ പല മണ്ഡലങ്ങളിലേക്കും എംഎൽഎമാരുടെ പേരുകൾ നിർദേശിച്ചിട്ടുണ്ട്. പി.സി. ജോർജ് പത്തനംതിട്ടയിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മുന്പും ലോക്സഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാരെ ഇറക്കി മുന്നണികൾ ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി രണ്ട് എംഎൽഎമാരെ ബലപരീക്ഷണത്തിന് ഇറക്കിയിരുന്നുവെങ്കിലും വിജയം ആരെയും തുണച്ചില്ല. കൊല്ലത്ത് എം.എ. ബേബി കുണ്ടറ എംഎൽഎ ആയിരിക്കുന്പോഴാണ് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത്.
കോട്ടയത്തു മത്സരിച്ച ജനതാദൾ -എസിലെ മാത്യു ടി.തോമസ് തിരുവല്ല എംഎൽഎ ആയിരുന്നു. പിന്നീടു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എം.എ. ബേബി മത്സരിക്കാൻ തന്നെ തയാറായില്ല. സ്വന്തം നിയമസഭ മണ്ഡലം കൂടി ഉൾപ്പെട്ടിരുന്ന ലോക്സഭ മണ്ഡലത്തിലാണ് അദ്ദേഹം പരാജയപ്പെട്ടതെന്നതിനാൽ രാഷ്ട്രീയപരമായി ഏറെ പഴി കേൾക്കേണ്ടിവന്നു. മാത്യു ടി.തോമസ് സ്വന്തം മണ്ഡലത്തിനു പുറത്താണ് മത്സരിച്ചത്.
2009ൽ ആലപ്പുഴയിൽ കെ.സി. വേണുഗോപാലും കണ്ണൂരിൽ കെ. സുധാകരനും (ഇരുവരും കോണ്ഗ്രസ്) കേരള നിയമസഭയിൽ അംഗങ്ങളായിരിക്കുന്പോഴാണ് ലോക്സഭയിലേക്കു മത്സരിച്ചു വിജയിച്ചത്. എംപിമാരായതിനു പിന്നാലെ ഇരുവരും എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിനാൽ യുഡിഎഫിനു നിയമസഭയിലും നഷ്ടമുണ്ടായില്ല.