തിരുവനന്തപുരം: രാജ്യം ഉറ്റ് നോക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു നാൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് വിജയപ്രതീക്ഷയിൽ യുഡിഎഫും എൽഡിഎഫും. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് എൻഡിഎ.അതേസമയം ദേശീയ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിൽ യുഡിഎഫിനും ബിജെപിക്കും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രവചനങ്ങൾ കേരളത്തിലെ ഭരണമുന്നണിയായ എൽഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.
പതിനൊന്ന് സീറ്റുകൾ വരെ ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം നേതൃത്വം. എന്നാൽ എക്സിറ്റ് പോളുകൾ എൽഡിഎഫിന് ലഭിക്കാവുന്ന സീറ്റുകൾ സീറോ മുതൽ മൂന്ന് വരെയെന്നാണ് പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ എൽഡിഎഫ് തള്ളിക്കളയുകയാണ്. കേരളത്തിൽനിന്നു ലോക്സഭയിലേക്ക് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിൽ ബിജെപി അണികളും നേതാക്കളും വൻ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്.
മൂന്ന് സീറ്റ് വരെ കേരളത്തിൽ നിന്നും ബിജെപിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ദേശീയമാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും ഒരു പോലെ അവകാശപ്പെടുന്നു. ഫലപ്രവചനങ്ങളിൽ കേരളത്തിൽ യുഡിഎഫും ബിജെപിയും ആത്മവിശ്വാസത്തിലാണ്.
സംസ്ഥാനത്തെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം ത്രിതല സുരക്ഷാ സംവിധാനത്തിലുള്ള സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 20 കേന്ദ്രങ്ങളിലെയും സ്ട്രോംഗ് റൂമുകളിൽ നാളെ രാവിലെ തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ തുറക്കും.
എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂർണമായ ഫലം അറിയാൻ സാധിക്കും.
എം. സുരേഷ്ബാബു