കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം കൊടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലുടനീളം അവശേഷിക്കുന്നത് അയ്യായിരം ടണ്‍ മാലിന്യമെന്നു ശുചിത്വമിഷന്. ഈ മാസം 20നു മുന്‍പ് സംസ്കരിക്കാന്‍ പാകത്തിനു നീക്കംചെയ്തില്ലെങ്കില്‍ അതിലേക്കു ചെലവാകുന്ന തുക അതാതു പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ മുന്നറിയിപ്പ്.
ഇലക്ഷന് പ്രചാരണസാമഗ്രികള്‍ മരങ്ങളിലും പോസ്റ്റുകളിലും മതിലുകളിലുംനിന്ന് അഴിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിലെ ചെലവും പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്നാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്.ഫ്ളക്സ്, ബോര്‍ഡ്, കൊടി, തോരണം, കുപ്പി, കപ്പ്, ഫോയില്‍ പാത്രങ്ങള്‍ എന്നിവ എന്നിങ്ങനെ മണ്ണില്‍ അലിഞ്ഞുചേരാത്ത മൂവായിരം ടണ്ണോളം നിരോധിത പ്ലാസ്റ്റിക്കാണു പരിസ്ഥിതിക്ക് ഏറ്റവും ആഘാതമായിരിക്കുന്നത്. തുണി, കടലാസ്, തടി, ഇരുമ്പ് തുടങ്ങിയ പല തരത്തില്‍ സംസ്കരിക്കാന്‍ സാധിക്കും.
പിവിസി, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ പ്രചാരണസാമഗ്രികള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കാന്‍ ഹരിത പ്രോട്ടോക്കോള്‍ ഇലക്ഷന് കമ്മീഷന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഈടും മിഴിവും ലഭിക്കുന്ന പ്ലാസ്റ്റിക് വകഭേദങ്ങളില്‍ നിന്നും മാറാന്‍ ഒരു പാര്‍ട്ടിയും തയാറല്ല. രാജ്യത്തു തന്നെ പ്രചാരണത്തിന് ഏറ്റവുമധികം പ്ലാസ്റ്റിക് സാമഗ്രികള്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഓരോ തെരഞ്ഞെടുപ്പ് പിന്നിടുമ്പോഴും മാലിന്യനിര്‍മാര്‍ജനം തദ്ദേശസ്ഥാപനങ്ങള്‍ക്കും ഹരിതകേരള മിഷനും ശുചിത്വമിഷനും സന്നദ്ധ സംഘടകള്‍ക്കും ഭാരമാവുകയാണ്. ആര്‍ക്കും വേണ്ടാതാവുന്ന പ്രാചാരണ സാമഗ്രികള്‍ മണ്ണും ജലസ്ത്രോതസുകളും മലിനമാകാനും ഒഴുക്ക് തടസപ്പെടാനും ഇടയാക്കും. കൂടാതെ മൃഗങ്ങളും പക്ഷികളും മത്സ്യവും ഇത് ഭക്ഷിക്കുന്നതുവഴി മറ്റ് വിപത്തുകള്‍ക്കും കാരണമാകുന്നു. ഇവ ചാമ്പലാക്കിയാല്‍ വായുവും പ്രകൃതിയും മലീമസമാകും. വെറുതെ കിടന്നാലും കത്തിച്ചാലും താപനില ഉയരാനും കാരണമാകും.
2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശേഷിച്ചചത് 5,426 ടണ്‍ മാലിന്യമായിരുന്നതായി ശുചിത്വ മിഷന് വ്യക്തമാക്കി. ഇതില്‍ ബാനര്‍, പോസ്റ്റര്‍, ഹോര്‍ഡിംഗ്സ് എന്നിവ മാത്രം 2,250 ടണ്ണുണ്ടായിരുന്നു.പാര്‍ട്ടിക്കൊടികള്‍ 980 ടണ്‍. കപ്പ്, പ്ലേറ്റ്, നിരോധിത പ്ലാസ്റ്റിക് കവര്‍ 1146 ടണ്‍.
ദേശീയ തലത്തില്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്കു ഭാരമായി അശേഷിക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) വിലയിരുത്തുന്നു.
റെജി ജോസഫ്