കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. ഇന്നു രാവിലെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ്, വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങി പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപന വേദിയില്‍ സന്നിഹിതരായിരുന്നു.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എം.പി. ജോസഫ്, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവരുടെ പേരുകളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരുത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിനെ ചുമതലപ്പെടുത്തുകയായിരുന്നു.
കോട്ടയം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്കാന് യുഡിഎഫിന്റെ സീറ്റ് വിഭജനം സംബന്ധിച്ച ഉഭയ കക്ഷി ചര്‍ച്ചയില്‍ ആദ്യമേ ധാരണയായിരുന്നു. മത്സരിച്ചാല്‍ ഉറപ്പായും ജയിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന നിര്‍ദേശം മാത്രമാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്-എം തോമസ് ചാഴികാടനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ചാഴികാടന് പ്രചാരണവും തുടങ്ങി. ഇതോടെയാണ് ഇന്നു രാവിലെതന്നെ കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ജിബിന്‍ കുര്യന്