കോഴിക്കോട്: വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിപ്പിക്കാതെ കണ്ണൂരിലേക്കു മാറ്റിയാല്‍ അംഗീകരിക്കില്ലെന്ന് കെ. മുരളീധരന് എംപി. വടകരയിൽ മത്സരിച്ച് ജയിച്ചാൽ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്കു മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
വടകരയിൽനിന്നു മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടൂവെന്നും മുരളീധരൻ പറഞ്ഞു. സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു മുരളീധരന് നിലപാടു വ്യക്തമാക്കിയത്.
കണ്ണൂരിൽ ചെറുപ്പക്കാർ വരട്ടെ. എതിരാളി ആരാണെന്ന് നോക്കിയല്ല മത്സരിക്കുന്നതെന്നായിരുന്നു കെ.കെ. ശൈലജ എതിരാളിയായി എത്തിയാൽ എന്താവുമെന്നതിനോടുള്ള പ്രതികരണം.
ഒരു തെരഞ്ഞെടുപ്പെന്നു പറയുന്നതു വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാർഥിയായി ആരെ നിർത്തണമെന്ന് സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.