കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി എം.വി. ജയരാജനെ സ്ഥാനാർഥിയാക്കി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്തതോടെ എൽഡിഎഫ് പ്രചാരണരംഗത്തേക്ക് ഇറങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർഥി കാര്യത്തിൽ അന്തിമ തീരുമാനമായില്ല. സിപിഎം ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേനയാണ് ജയരാജന്റെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ പട്ടിക പ്രഖ്യാപിക്കേണ്ടത്.
എം.വി. ജയരാജനെ നേരിടാൻ കോൺഗ്രസ് സിറ്റിംഗ് എംപിയായ കെ. സുധാകരൻതന്നെ കളത്തിലിറങ്ങിയേക്കുമെന്നാണ് ഒടുവിലത്തെ സൂചന. കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സുധാകരനു മാത്രമേ മണ്ഡലം നിലനിർത്താനാകൂ എന്നാണ് പ്രവർത്തകരും നേതൃത്വവും വിലയിരുത്തുന്നത്. ഇതിനായി നേതൃത്വം സുധാകരനിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതേത്തുടർന്നാണ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലയിൽ സുധാകരൻ നിലപാട് മയപ്പെടുത്തിയതെന്നാണ് കരുതുന്നത്.
സുധാകരനു പകരം നിരവധി പേർ സ്ഥാനാർഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച പ്രതിസന്ധിയിൽനിന്നു കരകയറാൻ നേതൃത്വത്തിന് സുധാകരനെതന്നെ മത്സരിപ്പിക്കുകയേ നിർവാഹമുള്ളൂ എന്ന അവസ്ഥയുമുണ്ട്. സുധാകരൻ മത്സരരംഗത്തുനിന്നു മാറി തന്റെ നോമിനിയായ ജയന്തിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, കണ്ണൂരുകാർക്ക് അത്രത്തോളം പരിചിതനല്ലാത്ത ജയന്തിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു.
കെ.സി. വേണുഗോപാല്‍ ഗ്രൂപ്പുകാരനായ പി.എം. നിയാസ്, രമേശ് ചെന്നിത്തലയുടെ നോമിനി അബ്ദുല്‍ റഷീദ്, കോണ്‍ഗ്രസ് ദേശീയതലത്തില്‍നിന്ന് ഷമ മുഹമ്മദ്, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസഫ് അലി, മുന്മേയര് ടി.ഒ മോഹനന്, കോണ്‍ഗ്രസിന്റെ യുവരക്തം റിജില്‍ മാക്കുറ്റി, വനിതാപ്രാതിനിധ്യം ഉറപ്പാക്കാന്‍ ഷാനിമോള്‍ ഉസ്മാന് തുടങ്ങി സ്ഥാനാര്‍ഥിപ്പട്ടിക പിന്നെയും നീണ്ടു.
ജാതി, മത സമവാക്യങ്ങള്‍ കൂട്ടിയും കിഴിച്ചുമൊക്കെയാണ് സ്ഥാനാര്‍ഥി ലിസ്റ്റിന് നീളംകൂടിയത്. ഈ ലിസ്റ്റില്‍നിന്ന് ആരെയെങ്കിലും പരിഗണിച്ചാലും തഴഞ്ഞാലും അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്ന തിരിച്ചറിവ് ഹൈക്കമാന്‍ഡിന് ഉണ്ടായതിനാലാണ് സുധാകരനെ തന്നെ പരിഗണിക്കുന്നതെന്നാണു സൂചന.
അതേ സമയം മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്ന ലീഗിന്റെ കണ്ണും കണ്ണൂരിലുണ്ട്. ലീഗിന് കണ്ണൂർ വിട്ടു കൊടുക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുധാകരന്റെ പേര് ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്നാണ് ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
സ്വന്തം ലേഖകൻ