ഷൈബിൻ ജോസഫ്
കാസർഗോഡ്: തുടർച്ചയായ ഒന്പതാം വിജയം ലക്ഷ്യമിട്ട് എൽഡിഎഫ്. മൂന്നരപതിറ്റാണ്ടുകാലത്തെ പരാജയപരന്പരകൾക്ക് അന്ത്യംകുറിക്കാൻ യുഡിഎഫ്. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ ബിജെപി. അടവുകളും ചുവടുകളും മിനുക്കി അരയും തലയും മുറുക്കി മുന്നണികൾ തുളുനാടൻ കോട്ട പിടിക്കാൻ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലെത്തുന്പോൾ അന്തിമഫലം പ്രവചിക്കുക അസാധ്യം.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങൾ ചേർന്നതാണു കാസർഗോഡ് ലോക്സഭാ മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ കാസർഗോഡ് ശ്രദ്ധാകേന്ദ്രമായി. അന്ന് കണ്ണൂർ മണ്ഡലം ഇല്ലാതിരുന്നതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യത്തെ സമുന്നതനേതാക്കളിലൊരാളായ എ.കെ. ഗോപാലന് കാസർഗോട്ടേക്കു മാറേണ്ടിവന്നു. തുളുനാടൻ മണ്ണിലെ പോരാട്ടം എകെജിക്ക് ഒട്ടും എളുപ്പമുള്ളതായിരുന്നതല്ല.
കാസർഗോഡ് താലൂക്കിൽ പലയിടത്തും കമ്യൂണിസ്റ്റ് പാർട്ടിക്കു സ്വാധീനമില്ലായിരുന്നു. കോൺഗ്രസിനു പുറമേ പിഎസ്പി, ആർഎസ്പി, കർണാടകസമിതി എന്നിവരുടെയെല്ലാം പിന്തുണ എതിർസ്ഥാനാർഥി ബി.അച്യുതഷേണായിക്കായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ എകെജി 5145 വോട്ടിന് വിജയിച്ചു. 1962ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 83,363 ആയി ഉയർത്തിയ എകെജി 67ൽ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്റെ (1,18,510) റിക്കാർഡ് തന്റെ പേരിലാക്കി.
എന്നാൽ 71ലെ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത എകെജി പാലക്കാട്ടേക്കു മാറി. അന്നത്തെ പാലക്കാട് സിറ്റിംഗ് എംപി ഇ.കെ. നായനാർക്ക് കാസർഗോട്ട് മത്സരിക്കാൻ നറുക്ക് വീണു. എന്നാൽ നായനാരെ 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ച് കോൺഗ്രസിന്റെ യുവതുർക്കി രാമചന്ദ്രൻ കടന്നപ്പള്ളി ആ തെരഞ്ഞെടുപ്പിലെ ഹീറോയായി. അടുത്ത തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി വിജയം ആവർത്തിച്ചു.
ഇതിനുശേഷം ഒരുതവണ മാത്രമാണ് മണ്ഡലത്തിൽ കോൺഗ്രസിന് വിജയക്കൊടി നാട്ടാനായത്. ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ കോൺഗ്രസ് അനുകൂലതരംഗം 1984ൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക ഘടകമായി. കോൺഗ്രസിലെ ഐ. രാമറൈ സിപിഎമ്മിന്റെ ഇ. ബാലാനന്ദനെ 11,369 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. എന്നാൽ പിന്നീട് എൽഡിഎഫിന്റെ അപരാജിത കുതിപ്പിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിച്ചത്.
മൂന്നു ടേം പൂർത്തിയാക്കിയ സിപിഎമ്മിന്റെ സിറ്റിംഗ് എംപി പി. കരുണാകരൻ ഇക്കുറി മത്സരിക്കാനില്ല. കന്നിയങ്കത്തിൽ 1,08,256 വോട്ടിന് വിജയിച്ച കരുണാകരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം 6,921 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒതുങ്ങിയിരുന്നു. ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ കാസർഗോഡ് ബാലികേറാമലയാകില്ലെന്ന് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നത് ഈ കണക്കാണ്.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ്. ശബരിമല വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തങ്ങൾക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ജയം എന്നത് അതിരുകടന്ന സ്വപ്നമാണെങ്കിലും ബിജെപി പിടിക്കുന്ന വോട്ടുകൾ ഇടത്-വലത് സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായകമാകും.
എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിൽ കാസർഗോഡ് ജില്ലാ കൺവീനർ കെ.പി. സതീഷ്ചന്ദ്രന്റെ പേരാണ് മുൻപന്തിയിലുള്ളത്. സിപിഎം ജില്ലാസെക്രട്ടറിയായുള്ള കാലാവധി പൂർത്തിയാക്കിയ സതീഷ്ചന്ദ്രൻ ഒരിടവേളയ്ക്കുശേഷം വീണ്ടും പൊതുപരിപാടികളിൽ സജീവമായത് ഇതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ, കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം വി.പി.പി. മുസ്തഫ എന്നിവരുടെ പേരും പട്ടികയിലുണ്ട്.
ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരു തന്നെയാണ് ഇക്കുറിയും മുൻപന്തിയിലുള്ളത്. ദേശീയ നിർവാഹകസമിതിയംഗങ്ങളായ സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
എന്നാൽ കോൺഗ്രസിൽനിന്ന് ആരുമത്സരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മണ്ഡലത്തിലെ അവസാന കോൺഗ്രസ് എംപിയായ ഐ. രാമറൈയുടെ മകൻ സുബ്ബയ്യറൈയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലുള്ള സ്വാധീനം മറ്റു മണ്ഡലങ്ങളിലില്ലെന്നത് സുബ്ബയ്യയ്ക്ക് തിരിച്ചടിയാണ്. എ.പി. അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണൻ പെരിയ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.