കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വിജയസാധ്യതയെന്ന് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി. മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന് ലഭിക്കുമെന്നാണ് ബൂത്ത്തല പോളിംഗ് കണക്കുകളുടെ അടിസ്ഥാനത്തിലെ അപഗ്രഥനം. ലീഡ് നിഗമനം ഇങ്ങനെ:
പാലാ-8,500, കടുത്തുരുത്തി- 10,500, വൈക്കം-17,000, ഏറ്റുമാനൂര്‍-11,500.കോട്ടയം, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടും. കോട്ടയം-4000-5000, പിറവം-5000-6000.ആകെയുള്ള 12.5 ലക്ഷം വോട്ടുകളില്‍ 8.5 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. 2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് നേടിയത് 3.14 ലക്ഷം വോട്ടുകള്‍.
അന്ന് കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണിയിലായിരുന്നു. ഇടതു വോട്ടുകള്‍ക്കൊപ്പം ഇത്തവണ മാണി വിഭാഗം വോട്ടുകളും തോമസ് ചാഴികാടന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകളും കൂട്ടിയാല്‍ എല്‍ഡിഎഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്.ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ബിജെപി വോട്ടുകള്‍ പൂര്‍ണമായി ലഭിക്കാന്‍ സാധ്യതയില്ല
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 1.5 ലക്ഷത്തേക്കാള്‍ ഏറെ കയറ്റം ഇത്തവണയുണ്ടാകില്ല. ഇത്തവണത്തെ ഇലക്ഷനില്‍ പോള്‍ ചെയ്യാതിരുന്ന നാലു ലക്ഷം വോട്ടുകളില്‍ കൂടുതല്‍ യുഡിഎഫ് അനുഭാവ വോട്ടുകളാണെന്നും എല്‍ഡിഎഫ് മുന്‍നിര നേതൃത്വം ഇത്തവണത്തെയും മുന്‍ തെരഞ്ഞെടുപ്പിലെയും വോട്ടുനില അടിസ്ഥാനമാക്കി വിലയിരുത്തി.
ഉപരിപഠനത്തിനും ജോലിക്കും മറ്റും നാടുവിട്ട ഒരു ലക്ഷത്തോളം യുവവോട്ടര്‍മാരുടെ അഭാവം യുഡിഎഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജില്ലാ യുഡിഎഫ് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതും തുടര്‍ന്നുണ്ടായ ഭിന്നതകളും എല്‍ഡിഎഫിന് നേട്ടമായി.