കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം ബാക്കി. ഈസ്റ്റര്‍ വരെ പ്രചാരണത്തിന് അവധി. ഏപ്രിലില്‍ റാംസാനും വിഷുവിനും രണ്ടു ദിവസം പ്രചാരണം മങ്ങും. 24ന് പ്രചാരണക്കൊടി ഇറക്കും. 26നാണ് ജനവിധി.
അനുഭവത്തില്‍ 25 ദിവസത്തെ പ്രചാരണമാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും ബാക്കിയുള്ളത്. കണ്‍വന്‍ഷനുകളും റോഡ് ഷോകളുമൊക്കെയായി ആളും കാശും ഇറക്കേണ്ട ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദേശീയ, സംസ്ഥാന നേതാക്കളുടെ വരവാണ് ഇനിയുള്ള വിശേഷം.
എന്‍ഡിഎയ്ക്കുവേണ്ടി കോട്ടയത്ത് നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിര്‍മല സീതാരാമന് എന്നിവരെത്തും. സമ്മേളന സ്ഥലവും തീയതികളും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസില്‍ രാഹുല്‍, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന് പൈലറ്റ് എന്നിവര്‍ വരും. എല്‍ഡിഎഫില്‍ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, പിണറായി വിജയന്, എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, എം.എ. ബേബി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. ഓ
രോ അസംബ്ലി മണ്ഡലത്തിലും ഓരോ പ്രമുഖനെ എത്തിക്കാനാണ് മുന്നണി തീരുമാനം. കോട്ടയം, പാലാ, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളില്‍ സമാപനദിവസങ്ങളില്‍ റോഡ് ഷോ നടത്തും.
ഉമ്മന്‍ ചാണ്ടിയും കാനവുമില്ലാത്ത തെരഞ്ഞെടുപ്പ്
കോട്ടയം: ജില്ലയിലെ രാഷ്ട്രീയ അതികായരുടെ അഭാവം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി ഓര്‍മയായിട്ട് എട്ടു മാസം. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിന് മൂന്നു മാസം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു നേതാക്കളും ജില്ലയില്‍ സജീവമായിരുന്നു. ജില്ല അതിരിടുന്ന എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് കരുത്തും കരുതലുമായിരുന്നു ഉമ്മന്‍ ചാണ്ടി. മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ വിയോഗം 2019ലെ ലോക്സഭാ തെരഞ്ഞെടപ്പുവേളയിലായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പരാജയപ്പെട്ട വി.എന്‍. വാസവന് പിന്നീട് ഏറ്റുമാനൂരില്‍ എംഎല്‍എയും സംസ്ഥാന മന്ത്രിയുമായി. കാനത്തിന്റെ പിന്‍ഗാമിയായി വൈക്കം സ്വദേശി ബിനോയി വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഇത്തവണ പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഇരുവരുമുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയികള്‍ ഇത്തവണയും മാവേലിക്കര, കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു എന്നതും ശ്രദ്ധേയം.