തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.
അവ്യക്തമായിരുന്ന പൊന്നാനി മണ്ഡലത്തിൽ പി.വി.അൻവർ എംഎൽഎ തന്നെയാവും ഇടതു മുന്നണി സ്ഥാനാർഥി. അൻവറിന്റെ പേര് പാർലമെന്റ് മണ്ഡലം കമ്മിറ്റി ശിപാർശ ചെയ്തപ്പോൾ മറ്റൊരാളെ കണ്ടെത്താൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ മണ്ഡലം കമ്മിറ്റി അൻവറിന് സ്ഥാനാർഥിത്വം നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു.
ആറ് സിറ്റിംഗ് എംപിമാരും നാല് എംഎൽഎമാരാണ് സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. പൊന്നാനിയിൽ മത്സരിക്കുന്ന പി.വി.അൻവർ നിലവിൽ നിലന്പൂരിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്. കോഴിക്കോട് മത്സരിക്കുന്ന എ.പ്രദീപ് കുമാർ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എംഎൽഎയാണ്.
ആറന്മുളയിൽ നിന്നുള്ള നിയമസഭാംഗം വീണാ ജോർജ് പത്തനംതിട്ട മണ്ഡലത്തിലും അരൂരിൽ നിന്നുള്ള എംഎൽഎ എ.എം.ആരിഫ് ആലപ്പുഴ മണ്ഡലത്തിലും ജനവിധി തേടും. സമീപഭാവിയിലൊന്നും സിപിഎം ഇത്രയധികം എംഎൽഎമാരെ മത്സര രംഗത്തിറക്കിയിട്ടില്ല എന്നതും കൗതുകകരമാണ്.
രണ്ടു വനിതാ സ്ഥാനാർഥികളെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. വീണാ ജോർജിന് പുറമേ കണ്ണൂരിൽ സിറ്റിംഗ് എംപി പി.കെ.ശ്രീമതി വീണ്ടും ജനവിധി തേടുകയാണ്. ആറ് സിറ്റിംഗ് എംപിമാർക്കും സിപിഎം വീണ്ടും അവസരം നൽകി.
പാലക്കാട്, ആറ്റിങ്ങൽ, ആലത്തൂർ, ചാലക്കുടി, ഇടുക്കി, കണ്ണൂർ മണ്ഡലങ്ങളിലാണ് സിറ്റിംഗ് എംപിമാർ ജനവിധി തേടുന്നത്. ഇതിൽ എം.ബി.രാജേഷിനും (പാലക്കാട്) പി.കെ.ബിജുവിനും (ആലത്തൂർ) എ.സന്പത്തിനും (ആറ്റിങ്ങൽ) മൂന്നാം അങ്കമാണ്. കാസർഗോഡ് നിന്നുള്ള എംപി പി.കരുണാകരന് മാത്രമാണ് സീറ്റ് നൽകാതിരുന്നത്. ഇവിടെ കെ.പി.സതീഷ് ചന്ദ്രനാകും ഇടത് സ്ഥാനാർഥി.
മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് പി.പി.സാനുവാണ് മത്സര രംഗത്ത്. ഇടുക്കിയിൽ ഇടത് സ്വതന്ത്രനായി ജോയ്സ് ജോർജ് തന്നെ മത്സര രംഗത്തുണ്ടാകും. നാല് ജില്ലാ സെക്രട്ടറിമാരെയും സിപിഎം മത്സര രംഗത്തേക്ക് ഇറക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ വടകരയിൽ ജനവിധി തേടും. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എൻ.വാസവനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്.
എറണാകുളം തിരിച്ചുപിടിക്കാൻ രാജ്യസഭാ മുൻ എംപി കൂടിയായ പി.രാജീവിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. കൊല്ലത്ത് ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാലാണ് ജനവിധി തേടുന്നത്. തികഞ്ഞ വിജയ പ്രതീക്ഷയോടെ ഇന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായും ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിപിഐയുടെ നാല് സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ഒരുമുഴം മുൻപേ നീങ്ങാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.