മുഹമ്മ: വിവാഹം കഴിഞ്ഞ് വധൂവരന്മാര് പോളിംഗ് ബൂത്തിലേക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ കാഴ്ച. എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവിന്റെയും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം വോട്ടെടുപ്പു ദിവസമായിരുന്നു.
വധൂവരന്മാര് വിവാഹശേഷം വരന്റെ വീട്ടിലെത്തിയശേഷം വിവാഹവേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിംഗ് ബൂത്തിലേക്കാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിംഗ് ബൂത്തില്‍ നല്ല തിരക്കായിരുന്നു.
എന്നാല്‍, പോളിംഗ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധൂവരന്മാര്ക്ക് പ്രത്യേക പരിഗണന നല്കി. വേഗം അനന്തു വോട്ട് ചെയ്തു. മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിംഗ് ബൂത്തിലേക്ക് നീങ്ങി. പി.ജി. ഭദ്രന്റെയും ബിന്ദുവിന്റെയും മകനാണ് അനന്തു. കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടെയും മകളാണ് മേഘന. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
മാന്നാര്‍: കതിര്‍മണ്ഡപത്തില്‍നിന്ന് വധൂവരന്മാര് നേരെയെത്തിയത് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക്. കുരട്ടിശേരി വിജയഭവനത്തില്‍ പി.വി. പ്രതാപന്റെയും ടി. ജയശ്രീയുടെയും മകളായ പ്രവിതയുടെ വിവാഹം ഇന്നലെ മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലായിരുന്നു.
തൊടുപുഴ അരികുഴ കിഴക്കേ പാലക്കാട്ട് ഷാബുവിന്റെയും ഷീബയുടെയും മകന് അര്ജുന് ഷാബു ആയിരുന്നു വരന്. രാവിലെ 9.45നും 10.45നും ഇടയിലായിരുന്നു മുഹൂര്‍ത്തം. വിവാഹം കഴിഞ്ഞ് ഇവര്‍ നേരെയെത്തിയത് മാന്നാര്‍ നായര്‍ സമാജം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം നമ്പര്‍ ബൂത്തിലേക്ക്.
മാതാപിതാക്കള്‍ക്കൊപ്പം വധു പ്രവിത തന്റെ വോട്ട് രേഖപ്പെടുത്തിയശേഷം വരനൊപ്പം തൊടുപുഴയിലേക്ക് മടങ്ങി. യുകെയില്‍ ജോലി ചെയ്യുന്ന വരന് അര്ജുന് ഷാബുവിന്റെ വോട്ട് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ചിറ്റൂരിലാണ്.