പാലക്കാട്: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരായ ഊരടത്തുനിന്നും ഇരുപത്തിമൂന്നുകാരന് നാഗരാജെത്തും കന്നിവോട്ട് ചെയ്യാന്‍, കാടും മലയുമിറങ്ങിയാല് വെറും നാലു കിലോമീറ്റര്‍ അകലെയുള്ള ബൂത്തിലെത്താന്‍ 75 കിലോമീറ്റര്‍ ദൂരം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച്..!
ഉറപ്പായും വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കന്നിവോട്ടര്‍മാര്‍ക്കുള്ള ജില്ലാ കളക്ടറുടെ കത്ത് കഴിഞ്ഞദിവസം കിട്ടി. ഇതോടെയാണ് എത്ര ദൂരം താണ്ടിയാണെങ്കിലും വോട്ടു ചെയ്യുമെന്ന തീരുമാനത്തില്‍ നാഗരാജെത്തിയത്. യാത്ര ചെയ്യേണ്ട ദൂരം പ്രശ്നമല്ല. കാരണം ബൂത്ത് അത്രയ്ക്കടുത്തല്ലേ…!
ദൂരം പ്രശ്നമേയല്ല..
നാഗരാജിനു ദൂരം പ്രശ്നമല്ല. തനിക്കോ കുടുംബത്തിനോ ആവശ്യമുണ്ടായാല്‍ കേരളത്തിലെത്താന്‍ ഇത്രയും ദൂരം സ്ഥിരമായി യാത്രചെയ്യാറുണ്ട്. ആദിവാസി പ്രാക്തന ഗോത്രവര്‍ഗ സമൂഹത്തില്‍ ഉള്പ്പെട്ടയാളാണെങ്കിലും ഇന്ത്യയൊട്ടാകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. രാഷ്ട്രപതിയെയും കണ്ടിട്ടുണ്ട്.
കോട്ടത്തറ രാജീവ് ഗാന്ധി കോളജില്‍ ബിഎ ഹിസ്റ്ററി ബിരുദപഠനം പൂര്‍ത്തിയാക്കിയ നാഗരാജ് ഇപ്പോള്‍ പിഎസ്സി പരീക്ഷാ പരിശീലനം തുടരുകയാണ്. നാലാംക്ലാസ് വരെ മുള്ളിയിലെ സ്കൂളിലായിരുന്നു പഠനം. പ്ലസ്ടു വരെ പത്തനംതിട്ട മോഡല്‍ റെസിഡന്‍ഷല്‍ സ്കൂളിലും പഠിച്ചു. എംആര്‍എസിലെ കാലയളവിലാണ് ഇന്ത്യയിലൊട്ടാകെ പഠനയാത്ര നടത്തിയത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയെയും കണ്ടു.
വോട്ടിന്റെ വിലയറിയാം. അതുകൊണ്ടുതന്നെയാണ് ഇത്രയും ദൂരം താണ്ടി കളക്ടറുടെ പ്രതിനിധികളെത്തിയപ്പോള്‍ ഉറപ്പിച്ചത്. ഇത്തവണ തീര്‍ച്ചയായും വോട്ടു ചെയ്തിരിക്കും…
ഊരടത്തിന്റെ വിശേഷം
അട്ടപ്പാടിയിലെ 193 ഊരുകളിലൊന്നാണ് ഊരടം. കേരളത്തിലൂടെ യാത്രാമാർഗമില്ല. തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് എത്തിപ്പെടാവുന്ന മലയാളി ആദിവാസി ഊര്. രേഖകള്‍പ്രകാരം 18 കുടുംബങ്ങള്‍ താമസമുണ്ടെങ്കിലും രണ്ടു കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. മറ്റുള്ളവര്‍ അടിസ്ഥാന സൗകര്യാര്‍ഥം മേലേചാവടിയൂരിലാണ് താമസം. നിലവില്‍ രണ്ടു കുടുംബങ്ങളിലായി ഏഴു വോട്ടര്‍മാര്‍.
അട്ടപ്പാടിക്കാര്‍ ഊരടത്ത് എത്തണമെങ്കില്‍ സഞ്ചരിക്കേണ്ടതു തമിഴ്നാട്ടിലൂടെ 75 കിലോമീറ്റര്‍ ദൂരം. ഊരടത്തിന്റെ പോളിംഗ് ബൂത്തായ മുള്ളി ഗവ. എല്‍പി സ്കൂളിലേക്ക് ഊരില്‍നിന്നു ദൂരം നാലുകിലോമീറ്റര്‍ മാത്രമേയുള്ളൂ. ഈ ഭാഗം കൊടുംകാടാണ്. വന്യമൃഗങ്ങളുടെ വിഹാരം കൂടുതലുള്ള ഇടം. കാട്ടാനകളുടെ വിളയാട്ടം കൂടുതലാണെന്നതിനാൽ ആദിവാസിസമൂഹംപോലും സഞ്ചരിക്കാന്‍ മടിക്കുന്ന പ്രദേശം.
റോഡുമാർഗം ഊരടത്തെത്താൻ ഭഗീരഥപ്രയത്നം വേണ്ടിവരും. അഗളി കോട്ടത്തറയില്നിന്നു മുള്ളിയിലെത്തി തമിഴ്നാട് ചെക്പോസ്റ്റ് കടന്ന് മഞ്ചൂരിലേക്കു ബസ് കയറണം. അവിടെനിന്നു ബസ് കയറി കിണ്ണക്കരയിലെത്തി നാലു കിലോമീറ്ററോളം ആനയും മറ്റു വന്യമൃഗങ്ങളും നിറഞ്ഞ ദുർഘടവഴിയിലൂടെ നടന്നാല്‍ ഊരടം ഊരിലെത്താം. കോയമ്പത്തൂരില്‍നിന്നു വരുന്നവര്‍ മുള്ളിയിലെത്തി മഞ്ചൂര്‍- കിണ്ണക്കര വഴി ഊരടത്തെത്താം.
റേഷന്‍ കാര്‍ഡുണ്ടായിട്ടും കേരളീയനായിട്ടും റേഷന്‍ കാര്‍ഡുണ്ടായിട്ടും നാടിന്റെ ദുരിതകഥ പറയുകയാണു നാഗരാജ്. മുള്ളിയിലാണു റേഷന്‍കട. റേഷന്‍ വാങ്ങാന്‍ തമിഴ്നാട്ടിലൂടെ എഴുപത്തഞ്ചു കിലോമീറ്റര്‍ താണ്ടണം. അതുകൊണ്ടു വാങ്ങാന്‍ പോകാറില്ല. പഠിക്കാനാണെങ്കില്‍ അതില്‍ക്കൂടുതലും ദൂരം താണ്ടണം.
രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് നാഗരാജിനുള്ളത്. ഇവരെല്ലാം പഠിക്കുന്നതു പാലക്കാടിനു പുറത്താണ്. ഹോസ്റ്റലില്‍ നിന്നാണു പഠിക്കുന്നത്. ഊരടത്തിലേക്കു കേരളത്തിലൂടെ നാലു കിലോമീറ്ററിൽ ചെറിയൊരു റോഡ് യാഥാര്‍ഥ്യമായാല്‍ പ്രശ്നങ്ങള്‍ കുറയുമെന്നും നാടുവിട്ട കുടുംബങ്ങള്‍ ഊരിലേക്കു തിരിച്ചുവരുമെന്നും നാഗരാജ് പറയുന്നു. മേലേ ചാവടിയൂർ- വെന്തവട്ടി -ഊരടം- കിണ്ണക്കര റോഡ് യാഥാർഥ്യമായാൽ വൻ ടൂറിസം സാധ്യതയും തെളിയുമെന്നു നാഗരാജ് പറയുന്നു.
എം.വി. വസന്ത്