തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഇന്ന് കേരളത്തിലെ നേതാക്കൾ ഉൾപ്പെടെയുള്ള പല പ്രമുഖരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം രാവിലെ 8നു തന്നെ വീടിനടുത്തുള്ള പോളിംഗ് സ്റ്റേഷനിലെ 161-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വിവിഐപി പരിരക്ഷയൊന്നുമില്ലാതെയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുസ്ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ പ്രമുഖരിൽപ്പെടുന്നു. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന് വോട്ടുരേഖപ്പെടുത്തിയത്.
ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി, പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, രാജ്മോഹന്‍ ഉണ്ണിത്താൻ എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു. ഷാഫി പറന്പിൽ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കൊല്ലത്തെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ശശി തരൂർ, വി.മുരളീധരൻ, കെ.മുരളീധരൻ, നടൻ ഇന്ദ്രൻസ്, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ, എം.വി.ജയരാജൻ, ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിചലച്ചിത്രതാരം കീർത്തി സുരേഷ് എന്നിവരും രാവിലെ വോട്ട് ചെയ്യാനെത്തിയ പ്രമുഖരിൽപ്പെടുന്നു.
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്കൂളിലെ 115-ാം ബൂത്തിലാണ് തൃശൂരിലെ എൻഡിഎ സുരേഷ് ഗോപിയും കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ സംസ്ഥാനത്ത് ബൂത്തുകളിൽ നീണ്ട നിരയായിരുന്നു.