തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മുൻതൂക്കമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. 44 ശതമാനം വോട്ടു വിഹിതം യുഡിഎഫിനു ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
മൂന്നു മുതൽ അഞ്ചു വരെ സീറ്റുകളാണ് സർവേ എൽഡിഎഫിനു പ്രവചിക്കുന്നത്. എൻഡിഎ ഒരു സീറ്റിൽ ജയിച്ചേക്കാം. 30 ശതമാനം വോട്ടുകൾ എൽഡിഎഫിനും 18 ശതമാനം വോട്ടുകൾ എൻഡിഎയ്ക്കും കിട്ടുമെന്ന് സർവേയിൽ പറയുന്നു.
വടക്കൻ കേരളത്തിൽ കാസർകോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് എന്നിവയിൽ ഏഴ് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
തെക്കൻ കേരളത്തിലെ കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെ സീറ്റുകൾ യുഡിഎഫ് നേടിയേക്കാം. ഒന്നു മുതൽ മൂന്നു വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കും. ബിജെപിക്ക് വിജയസാധ്യതയുള്ള ഒരേ ഒരു സീറ്റ് തെക്കൻ കേരളത്തിലാണ്.
ദേശീയ രാഷ്ട്രീയ വിഷയങ്ങളെക്കാൾ ശബരിമല യുവതി പ്രവേശമായിരിക്കും തെരഞ്ഞടുപ്പിൽ മുഖ്യചർച്ചാവിഷയമെന്ന് അഭിപ്രായ സർവേ പറയുന്നു.