തിരുവനന്തപുരം: നിയമസഭയിൽ മത്സരിക്കാൻ ശശി തരൂർ താൽപ്പര്യം പ്രകടിപ്പിച്ചതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഏതുവിധത്തിലും കൈക്കലാക്കാൻ ഒരുങ്ങി ബിജെപി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തൂർ തിരുവനന്തപുരത്തു മത്സരിക്കുന്നില്ലെങ്കിൽ സുരേഷ് ഗോപിയെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്.
തിരുവനന്തപുരവും തൃശൂരുമാണ് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും ശ്രദ്ധ വയ്ക്കുന്നത്. മുന്പ് നടന്ന തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ബിജെപി ശക്തമായ മത്സരം കാഴ്ച വച്ചിരുന്നു.
പത്തനംതിട്ടയും മാവേലിക്കരയും പാലക്കാടും ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. തിരുവനന്തപുരത്ത് ബിജെപിക്ക് നല്ല വോട്ട് വിഹിതമുണ്ട്.
അതേസമയം ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. നിലവിലെ യുഡിഎഫ് എംപി അടൂർ പ്രകാശ് മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വി.മുരളീധരനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാൻ നീക്കമെന്നറിയുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തു നിന്ന് മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ശശി തരൂർ തിരുവനന്തപുരത്തു തന്നെ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം വന്നാൽ വട്ടിയൂർക്കാവ് സീറ്റാണ് തരൂർ ലക്ഷ്യം വയ്ക്കുന്നത്.