തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ടി.എൻ.പ്രതാപനും വി.എസ്.സുനിൽകുമാറും തെരഞ്ഞെടുപ്പു കളത്തിലിറങ്ങിയിട്ടും സുരേഷ്ഗോപി എത്താത്തതിൽ ബിജെപി അണികളിലടക്കം ആശങ്ക. സ്ഥാനാർത്ഥി പ്രഖ്യപനം നടന്നിട്ടില്ലെങ്കിലും സുരേഷ്ഗോപിയെ തൃശൂരിൽ കാണാത്തതിൽ ബിജെപി പ്രവർത്തകർക്കു പോലും സംശയമുണർന്നിട്ടുണ്ട്. ഇനി തൃശൂരിൽ സുരേഷ്ഗോപി ആയിരിക്കില്ലേ ബിജെപി സ്ഥാനാർത്ഥി എന്ന ചോദ്യം വരെ ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചൂട് തൃശൂരിൽ വ്യാപിക്കും വരെ സുരേഷ്ഗോപി തൃശൂരിൽ സജീവമായി നിൽക്കുകയും തെരഞ്ഞെടുപ്പ് അടുത്തതോടെ പിന്നോട്ടടിക്കുകയും ചെയ്തെന്നാണ് പരക്കെയുള്ള അഭിപ്രായം.
എന്നാൽ സുരേഷ്ഗോപി ഏറ്റെടുത്ത രണ്ടു സിനിമകളുടെ അവസാനവട്ട വർക്കുകളിലാണെന്നും അത് അപ്രതീക്ഷിതമായി വന്നതാണെന്നും നേരത്തെ എല്ലാം തീർത്തതിനു ശേഷമാണ് സുരേഷ്ഗോപി മകളുടെ വിവാഹശേഷം തൃശൂരിലെത്തിയതെന്നും എന്നാൽ വീണ്ടും ചില അവസാനമിനുക്കുപണികൾ വേണ്ടി വന്നതിനാൽ വീണ്ടും ഷൂട്ടിംഗിനു പോകേണ്ടി വന്നെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.
തൃശൂരിൽ ബുത്തുതല യോഗങ്ങളിൽ വരെ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ്ഗോപി പെട്ടന്ന് പിൻവലിഞ്ഞത്. ഇതാണ് അണികളിലടക്കം ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കിയത്.
വൈകിത്തുടങ്ങുന്ന പ്രചരണം എന്നും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ബിജെപിയിൽ തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഇലക്ഷൻ കഴിയും വരെ തൃശൂരിൽ തന്നെ ക്യാന്പ് ചെയ്യാനാണ് സുരേഷ്ഗോപിയുടെ പദ്ധതി.
ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധമുള്ള മാസ് എൻട്രിയായിരിക്കും തൃശൂർ ലോക്സഭതെരഞ്ഞെടുപ്പിന്റെ പോരാട്ട വേദിയിലേക്ക് എസ്.ജി നടത്തുകയെന്നും നേതാക്കൾ തറപ്പിച്ചു പറയുന്നു.
തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് വൈകാതെ തന്നെ സുരേഷ്ഗോപിയുടെ മാസ് എൻട്രി കാണാമെന്നാണ് ആരാധകരോടും അണികളോടും ബിജെപി നേതൃത്വം പറയുന്നത്.
തൃശൂരിൽ ഇക്കുറി ചരിത്രം സൃഷ്ടിക്കാൻ സുരേഷ്ഗോപിക്കാകുമെന്നും ഇവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്വന്തം ലേഖകൻ