തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലടക്കം എൽഡിഎഫും ബിജെപിയും പ്രചരണത്തിന് തുടക്കം കുറിച്ചിട്ടും സ്ഥാനാർഥി പട്ടികപോലും പ്രഖ്യാപിക്കാത്ത നടപടിയിൽ കോണ്ഗ്രസ് ക്യാന്പിൽ പരക്കെ അതൃപ്തി.
കെപിസിസി സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കുമെന്ന് നിശ്ചയിച്ചതാണെങ്കിലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിൽ നിന്ന് ഇതുവരെയും വരാത്തതിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്.
കെപിസിസി നിശ്ചയിച്ച പല സിറ്റിംഗ് എംപിമാരുടെയും നില പരുങ്ങലിലാകുമെന്ന് സംസ്ഥാനങ്ങളിലെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച സുനിൽ കനുഗോലു നൽകിയ റിപ്പോർട്ടാണ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണമെന്നാണ് ഡൽഹിയിലെ കോണ്ഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നത്.
കേരളത്തിൽ കെപിസിസി മത്സരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന സിറ്റിംഗ് എംപിമാരിൽ പലർക്കും ജയസാധ്യതയില്ലെന്ന റിപ്പോർട്ടാണ് സുനിൽ കനുഗോലുവിന്റേത്. തൃശൂരടക്കമുള്ള ലോക്സഭ സീറ്റുകളിൽ സിറ്റിംഗ് എംപിമാർക്കു പകരം മറ്റാരെയെങ്കിലും നിർത്തണമെന്നാണ് റിപ്പോർട്ടിലുള്ളത്.
സിറ്റിംഗ് എംപിമാരിൽ പലർക്കും ഇത് നിരാശ നൽകുന്നുണ്ടെങ്കിലും പുതുതലമുറയ്ക്ക് ഇത് പ്രതീക്ഷ നൽകുന്നുണ്ട്.സുനിൽ കനുഗോലുവിന്റെ റിപ്പോർട്ട് പാടെ തള്ളിക്കളയാൻ കോണ്ഗ്രസ് കേന്ദ്രനേതൃത്വം തയാറാവില്ലെന്നാണ് സൂചന.
അങ്ങിനെയെങ്കിൽ നിശ്ചയിച്ചുറപ്പിച്ച ചില സിറ്റിംഗ് എംപിമാർക്കെങ്കിലും മാറേണ്ടി വരും. അതുകൊണ്ടുതന്നെ കെപിസിസി ഒരു ബദൽ സ്ഥാനാർഥി ലിസ്റ്റുകൂടി തയാറാക്കി വച്ചിട്ടുണ്ടെന്ന് ചിലർ സൂചിപ്പിച്ചു.
അധികം വൈകാതെ തന്നെ സ്ഥാനാർഥി നിർണയത്തിൽ തീരുമാനം വരുമെന്നാണ് മുതിർന്ന കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. തെരഞ്ഞെടുപ്പു തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അത്ര ധൃതി വേണ്ടെന്ന് കോണ്ഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും എൽഡിഎഫ് രണ്ടാംഘട്ട പ്രചരണവും ബിജെപി ഒന്നാംവട്ട പ്രചരണവും ഉഷാറാക്കിയിരിക്കുന്നതിനാൽ ഇനിയും വൈകരുതെന്നാണ് കോണ്ഗ്രസ് പ്രവർത്തകർ പറയുന്നത്.
സ്വന്തം ലേഖകൻ