തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനത്തോടെ മണലൂരിൽ ചുവരെഴുത്ത്. തൃശൂരിനൊരു കേന്ദ്രമന്ത്രി…
മോദിയുടെ ഗ്യാരണ്ടി എന്നാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മണലൂരിൽ എൻഡിഎയുടെ പേരിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാർഥിയുടെ പേര് ചുവരെഴുത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
തൃശൂരിൽ സുരേഷ്ഗോപിക്കുവേണ്ടി നേരത്തെ പേരുവച്ച് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിലെയടക്കം സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കെയാണ് തൃശൂരിനൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
തൃശൂരിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്ന വാഗ്ദാനം ഏറെ കൗതുകമായി.ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
നേരത്തെ സുരേഷ്ഗോപിയെ കേന്ദ്രമന്ത്രിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കേന്ദ്രമന്ത്രിയായിരിക്കും മത്സരിക്കുകയെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
തൃശൂരിൽ ബിജെപിയുടെ ചുവരെഴുത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് സുരേഷ്ഗോപിയായിരുന്നു. കൂർക്കഞ്ചേരി കണിമംഗലത്ത് ചുവരിൽ താമരചിഹ്നം വരച്ചായിരുന്നു സുരേഷ്ഗോപി ചുവരെഴുത്തിന് ഒൗദ്യോഗിക തുടക്കമിട്ടത്. അവിടെയും സ്ഥാനാർഥിയുടെ പേരെഴുതിയിരുന്നില്ല.
സ്വന്തം ലേഖകൻ