സാബു ജോണ്‍
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ. കഴിഞ്ഞ തവണ 15,470 വോട്ടിനു മാത്രം കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബിജെപി. വർധിതവീര്യത്തോടെ മണ്ഡലം നിലനിർത്താൻ യുഡിഎഫ്. കഴിഞ്ഞ തവണത്തെ നാണക്കേട് ആവർത്തിക്കാതിരിക്കാൻ കരുതലോടെ എൽഡിഎഫ്. മൂന്നു കൂട്ടരും വാശിയോടെ രംഗത്തിറങ്ങുന്പോൾ മത്സരം കടുക്കുമെന്നുറപ്പ്.
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടായില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപി ഡോ. ശശി തരൂർ ആയിരിക്കുമെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു. കരുത്തനായ സ്ഥാനാർഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണു ബിജെപി. മോഹൻലാലിൽ തുടങ്ങി കുമ്മനം രാജശേഖരനിലും സുരേഷ് ഗോപിയിലുമൊക്കെ എത്തിനിൽക്കുകയാണ് ആലോചനകൾ.
ഇടതുമുന്നണിയിൽ സിപിഐ തന്നെ മത്സരിക്കാനാണു സാധ്യത. നീലലോഹിതദാസൻ നാടാരെ മത്സരിപ്പിക്കുന്നതിനായി ജനതാദൾ- എസ് സീറ്റ് ചോദിച്ചിട്ടുണ്ട്. എന്നാൽ സിപിഐ വഴങ്ങാൻ സാധ്യത കുറവാണ്. കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാർഥിയാക്കി കൈപൊള്ളിയ സിപിഐ ഇത്തവണ സൂക്ഷിച്ചാണു നീങ്ങുന്നത്. പറ്റിയ ഒരു സ്ഥാനാർഥി ഇല്ലാത്തതാണ് അവരുടെ പ്രശ്നം.
ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പിനു ശേഷവും വിവാദമായി. പേയ്മെന്റ് സീറ്റ് എന്ന ആക്ഷേപം തെരഞ്ഞെടുപ്പു പരാജയത്തേക്കാൾ സിപിഐക്കു നാണക്കേടായി. അച്ചടക്കനടപടിയിലേക്കു വരെ നീങ്ങാൻ പാർട്ടി നിർബന്ധിതമായി. നിലവിലുള്ള മുന്നണികൾ നിലവിൽ വന്ന 1980 നു ശേഷം ഇതുവരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളിൽ എട്ടു തവണ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. മൂന്നു തവണ സിപിഐ വിജയിച്ചു. ഇത്തവണ ഡോ. ശശി തരൂർ ഹാട്രിക് വിജയത്തിനാണു രംഗത്തിറങ്ങുന്നത്.
കരുത്തനായ കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായർ ഒരിക്കൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. എന്നാൽ 1980 ൽ കന്നിക്കാരനായ എ. നീലലോഹിതദാസൻ നാടാർക്കു മുന്നിൽ എം.എൻ. കാലിടറി വീണു. അതും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ എ. ചാൾസിന്റെ ഊഴമായിരുന്നു. വീഴ്ത്തിയത് നീലനെ തന്നെ. മൂന്നു തവണ ചാൾസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. നാലാം അങ്കത്തിൽ സിപിഐയിലെ കെ.വി. സുരേന്ദ്രനാഥിനു മുന്നിൽ അടിതെറ്റി.
പിന്നീട് കെ. കരുണാകരൻ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു. 1999 ൽ വി.എസ്. ശിവകുമാർ കോണ്‍ഗ്രസിനായി സീറ്റ് നിലനിർത്തി. 2004 ൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരെ കളത്തിലിറക്കി സിപിഐ സീറ്റ് തിരിച്ചു പിടിച്ചു. പി.കെ.വിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ സീറ്റ് സിപിഐക്കുവേണ്ടി നിലനിർത്തി. അന്നു കെ. കരുണാകരന്റെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു.
2009 ൽ ശശി തരൂർ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂർ ബിജെപിയുടെ ഒ. രാജഗോപാലിൽനിന്നു കടുത്ത മത്സരം നേരിട്ടു. ഒടുവിൽ 15,470 വോട്ടിനു കടന്നു കയറി. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി.
നഗര- ഗ്രാമ പ്രദേശങ്ങൾ അടങ്ങുന്ന തിരുവനന്തപുരം മണ്ഡലത്തിൽ തീരദേശവും മലയോരവും ഉൾപ്പെടും. മത്സ്യത്തൊഴിലാളികളും കർഷകരും സർക്കാർ ഉദ്യോഗസ്ഥരും നിർണായകമാണിവിടെ. അതു പോലെ തന്നെ ജാതി- മത – സമുദായ ഘടകങ്ങളും തെരഞ്ഞെടുപ്പിൽ സുപ്രധാന പങ്കു വഹിക്കുന്നു. അറുപത്തഞ്ചു ശതമാനത്തോളം ഹിന്ദു വോട്ടർമാരുള്ള മണ്ഡലത്തിൽ നായർ, നാടാർ സമുദായം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ ശേഷിയുള്ള നിർണായക ഘടകമാണ്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിൽ കഴക്കൂട്ടം, പാറശാല, നെയ്യാറ്റിൻകര എന്നിവ ഇടതുപക്ഷത്തിനൊപ്പവും വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം എന്നിവ യുഡിഎഫിനൊപ്പവുമാണ്. നേമത്തെ ബിജെപിയും പ്രതിനിധീകരിക്കുന്നു.