ഏറ്റുമാനൂർ: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും സ്ഥാനാർഥി നിർണയത്തിനും മുമ്പേ യുഡിഎഫ് ചുവരെഴുത്തു തുടങ്ങി. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ തെള്ളകം അടിച്ചിറയിലാണ് മതിലുകൾ വെള്ളപൂശി യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടിയുള്ള ചുവരെഴുത്ത് ആരംഭിച്ചത്.
യുഡിഎഫ് സ്ഥാനാർഥി എന്നു മാത്രമാണ് ചുവരെഴുത്തിലുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന യുഡിഎഫ് പ്രചാരണരംഗം സജീവമാക്കി നിർത്താനാണ് ഇപ്പോൾത്തന്നെ ചുവരെഴുത്ത് ആരംഭിച്ചിരിക്കുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള കോൺഗ്രസിന്റെ അവസാനവട്ട ഉഭയകക്ഷി ചർച്ച ഇന്നു നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫുമാണ് ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സീറ്റ് ജോസഫ് വിഭാഗത്തിനാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ അമേരിക്കയിൽ ചികിത്സയിലായിരുന്ന കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് എത്തിയത്. ഇന്നത്തെ ചർച്ചയിൽ സുധാകരനും പങ്കെടുക്കും.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ജോസഫ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പി. ജെ. ജോസഫിനും മോൻസ് ജോസഫിനും പുറമേ കെ. ഫാൻസിസ് ജോർജ്, പി.സി. തോമസ്, ജോയി ഏബ്രഹാം എന്നിവരും പങ്കെടുത്തിരുന്നു. ഇന്നത്തെ യോഗത്തിൽ ഇവരില്ല. ജയിക്കാനാവുന്ന സ്ഥാനാർഥിയെ നിർത്തണമെന്ന നിർദേശം മാത്രമാണ് കോൺഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിനു മുന്പിൽ വച്ചത്.
ചില പേരുകൾ കോൺഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പ് നേതാക്കളോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ സ്ഥാനാർഥിപ്രഖ്യാപനം ഇപ്പോൾ വേണ്ടെന്നും യുഡിഎഫ് ചർച്ച പൂർത്തീകരിച്ചതിനു ശേഷം മതിയെന്നുമാണ് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞത്. സ്ഥാനാർഥി ആരെന്ന കാര്യത്തിൽ പാർട്ടി ചെയർമാന്റെ തീരുമാനം അന്തിമമായിരിക്കും.
ഇന്നു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന പി.ജെ. ജോസഫും മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളുമായി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ കൂടുതൽ ഉഭയകക്ഷി ചർച്ചകളും നടത്തും. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫിന്റെ പേര് കോൺഗ്രസ് നേതൃത്വം നിർദേശിച്ചെങ്കിലും മോൻസ് വിസമ്മതം അറിയിച്ചു.
പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, എം.പി. ജോസഫ് തുടങ്ങിയവരുടെ പേരുകളാണ് അന്തിമ ലിസ്റ്റിലെന്ന് സൂചനയുണ്ട്.ഇതിനിടയിൽ പി.സി. തോമസും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിലും സീറ്റു വേണമെന്ന നിലപാടുമായി രംഗത്തുണ്ട്. പി.സി. തോമസ് നേരത്തെതന്നെ നിലപാട് പറഞ്ഞിരുന്നു.
എന്നാൽ പരസ്യപ്രഖ്യാപനം നടത്തിയത് നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല.നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ലക്ഷ്യം വച്ചാണ് ഇപ്പോൾ സീറ്റിനായി അവകാശവാദം ഉന്നയിച്ചതെന്ന വാദവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. കഴിഞ്ഞ തവണ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസിന്റെ പേരും ചർച്ചയിലുണ്ട്.
സ്ഥാനാർഥി പട്ടികയിൽ പേരുൾപ്പെട്ടിരിക്കുന്നവരെല്ലാം കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ സജീവമാണ്. പാർട്ടി യോഗങ്ങൾ, യുഡിഎഫ് യോഗങ്ങൾ, മരണ, കല്യാണവീടുകൾ എന്നിവിടങ്ങളിലെല്ലാം നേതാക്കൾ സജീവമാണ്. കോൺഗ്രസ് നേതൃത്വത്തിന്റ നിർദേശമനുസരിച്ച് മാത്രം സ്ഥാനാർഥിനിർണയം നടത്തിയാൽ മതിയെന്നും രണ്ടു വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളുമായി വച്ചു മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്യണമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് ജില്ലാ നേതൃത്വം.