ലോക്സഭയുടെ കാലാവധി എത്ര? ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന ഉത്തരം അഞ്ചുവർഷം. ഉത്തരം ശരി. പക്ഷേ പൂർണമല്ല. അടിയന്തരാവസ്ഥയിൽ കാലാവധി നീട്ടാൻ വകുപ്പുണ്ട്.രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്പോൾ കാലാവധി ഒരു വർഷം വീതം നീട്ടാമെന്ന് ഭരണഘടന 83-ാം വകുപ്പ് പറയുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനം പിൻവലിച്ചിട്ട് ആറുമാസം വരെയേ ആ കാലാവധി നീട്ടാൻ പാടുള്ളൂ.
അടിയന്തരാവസ്ഥയിൽ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ലോക്സഭയുടെ കാലാവധി ആറുവർഷമായി നീട്ടിയിരുന്നു. 1971 മാർച്ചിൽ രൂപം കൊണ്ട ലോക്സഭ അതനുസരിച്ച് 1977 മാർച്ച് വരെ നിലനിന്നു. പിന്നീടു 44-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ കാലാവധി അഞ്ചുവർഷമായി കുറച്ചു.
1970ൽ രൂപം കൊണ്ട നാലാം കേരള നിയമസഭയ്ക്ക് 42-ാം ഭേദഗതി നിയമപ്രകാരം കാലാവധി ഒന്നരവർഷം നീട്ടിക്കിട്ടി. 1970 ഒക്ടോബർ നാലിനു രൂപം കൊണ്ട നിയമസഭ 1977 മാർച്ച് 22 വരെ നിലനിന്നു. ആറുവർഷം അഞ്ചുമാസം 18 ദിവസം നീണ്ട കാലാവധി.
പുതിയ വോട്ടർമാർ 10 കോടി
സെൻസസ് കണക്കനുസരിച്ച് 2014ൽ വോട്ടു ചെയ്തതിനേക്കാൾ കൂടുതലായി 10 കോടിയോളം നവവോട്ടർമാർ ഇക്കുറി പോളിംഗ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷംകൊണ്ട് 18 വയസു പൂർത്തിയാക്കിയവരെല്ലാം വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.
എങ്കിലും പത്തു കോടിയോളം വരുന്ന ആദ്യ വോട്ടർമാരാകും ഇന്ത്യ ഇനി ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിൽ നിർണായകമാകുക. 2011ലെ സെൻസസ് രേഖയനുസരിച്ചു രാജ്യത്തു പ്രതിവർഷം രണ്ടു കോടിയോളം ചെറുപ്പക്കാർ 18 വയസ് പൂർത്തിയാക്കും. 2014ലെ തെരഞ്ഞെടുപ്പിൽ 81.45 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.